പൊലീസ് പരാതി അവഗണിച്ചു; യുവതി രണ്ട് വര്‍ഷം കൂട്ടബലാത്സംഗത്തിനിരയായി
2019 മേയിലാണ് കോളേജ് വിദ്യാര്‍ഥിനിയായ യുവതി(20) ആദ്യം പീഡനത്തിനിരയാകുന്നത്
പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് യുവതിക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനം. രണ്ട് വര്‍ഷത്തിനിടയില്‍ പല തവണയാണ് രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്.
2019 മേയിലാണ് കോളേജ് വിദ്യാര്‍ഥിനിയായ യുവതി(20) ആദ്യം പീഡനത്തിനിരയാകുന്നത്. പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ വികാസ്, ഭുരു ജാട്ട് എന്നിവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി മലഖേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കതെിരെ കേസെടുക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് രണ്ട് വര്‍ഷം യുവതി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ യുവതിയുടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നത്.
2021 ജൂണ്‍ 25ന് ഗൌതം സെയ്നി എന്ന യുവാവ് യുവതിയുടെ വീഡിയോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് വീഡിയോ അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജൂണ്‍ 28ന് മലഖേര പൊലീസ് സ്റ്റേഷനില്‍ യുവതി വീണ്ടും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, പൊലീസിന്‍റെ അശ്രദ്ധയും പ്രത്യേകം അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അൽവാർ സർക്കിൾ ഓഫീസർ അമിത് സിംഗ് വ്യക്തമാക്കി.