പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ

‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കും’

Update: 2024-02-10 09:42 GMT

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇ.ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സി.എ.എക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാവില്ല. ബംഗ്ലാദേശിലും പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന ഒരു നിയമം മാത്രമാണ് സി.എ.എ എന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. ബി.ജെ.പിക്ക് 370 സീറ്റുകളും എൻ.ഡി.എക്ക് 400 സീറ്റുകളും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പോലും തങ്ങൾക്ക് വീണ്ടും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഞങ്ങൾ റദ്ദാക്കി. അതിനാൽ രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ 370 സീറ്റുകളും എൻ.ഡി.എയെ 400 സീറ്റുകളും നൽകി അനുഗ്രഹിക്കും.

1947ലെ രാജ്യ വിഭജനത്തിന് ഉത്തരവാദിയായ പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ തന്നെ ഭാരത് ജോഡോ ന്യായ് യാത്രയുമായി മുന്നോട്ടുപോകാൻ നെഹ്‌റു-ഗാന്ധി സന്തതികൾക്ക് അവകാശമില്ല. ഏക സിവിൽ കോഡ് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ അജണ്ടയാണെന്നും അമിത് ഷാ പറഞ്ഞു. 

2019ലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ബില്ല് ലോക്സഭ പാസാക്കുന്നത്. ഇതിൽ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയർന്നതോടെ സർക്കാർ നിയമം നടപ്പാക്കുന്നതിൽനിന്ന് പിന്നാക്കം പോയി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News