ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സമ്മതിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ
ആറു വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദം തെറ്റാണെന്നും അനിൽ ചൗഹാൻ
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടുവെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്താൻ പ്രചാരണം തെറ്റാണെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.
ഓപറേഷൻ സിന്ദൂറിന് ശേഷം ഏറ്റവും കൂടുതൽ ഉയർന്നുവന്ന ചോദ്യം ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്നതായിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി കേന്ദ്രസർക്കാരോ സേനയോ നൽകിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരിൽവെച്ച് അന്തർദേശീയ മാധ്യമമായ ബ്ലുംബര്‍ഗിന് നൽകിയ അഭിമുഖത്തിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഈ ചോദ്യത്തിന് ഉത്തരം നൽകിയത്.
ഇന്ത്യയുടെ യുദ്ധവിമാനം തകർന്നതല്ല, എന്തുകൊണ്ട് തകർന്നുവെന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.'' യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകർന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകൾ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങൾക്ക് സാധിച്ചു''- അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘർഷത്തിൽ ആറ് ഇന്ത്യൻ വിമാനങ്ങൾ തകർന്നുവെന്ന പാകിസ്താന്റെ വാദം തീർത്തും തെറ്റാണെന്നും അനിൽ ചൗഹാൻ പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്. അതേസമയം അനില്‍ ചൗഹാന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ അവലോകന സമിതി രൂപീകരിക്കുമോയെന്ന് കോൺഗ്രസ് ചോദിച്ചു. കാർഗിൽ യുദ്ധത്തിന് ശേഷം വാജ്‌പേയി സർക്കാർ കാർഗിൽ അവലോകന സമിതി രൂപീകരിച്ചുവെന്ന് ജയറാം രമേശ് എക്‌സിലൂടെ ഓർമ്മപ്പെടുത്തി.