ഗാസിയാബാദ്: മുസ്‌ലിംകൾക്കെതിരെ വംശഹത്യക്ക് ചെയ്യാൻ ആഹ്വാനം ചെയ്ത് യതി നർസിംഹാനന്ദിന്റെ കൂട്ടാളി അനിൽ യാദവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദാസ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ നർസിംഹാനന്ദ് സംഘടിപ്പിച്ച ഹിന്ദു മഹാപഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ അനിൽ യാദവ് വംശഹത്യക്ക് ആഹ്വാനം ചെയ്തത്. ഇസ്‌ലാമിന് അന്ത്യം കുറിക്കാൻ 'സംഗ്രാം' (കൂട്ടക്കൊല) നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ക്ഷേത്രവളപ്പിൽ നടന്ന മഹാപഞ്ചായത്തിൽ, മുസ്‌ലിംകളിൽ നിന്ന് നേരിടുന്ന പെട്ടെന്നുള്ള ഭീഷണിക്കെതിരെ ഹിന്ദുക്കൾ സ്വയം പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തങ്ങളുടെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി ഹിന്ദു സമുദായത്തിന്റെ ഭാവി പ്രവർത്തനരീതി തീരുമാനിക്കുകയാണ് മഹാപഞ്ചായത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മഹാപഞ്ചായത്തിലെ പ്രസംഗകർക്കെതിരെ എന്തെങ്കിലും പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ്് കമ്മീഷണർ പ്രിയശ്രീ പാൽ പറഞ്ഞത്. നരസിംഹാനന്ദിനും യാദവിനുമെതിരെ മുമ്പും വിദ്വേഷ പ്രസംഗങ്ങൾക്ക് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂൺ 21-ലെ തന്റെ പ്രസംഗത്തിന്റെ തുടക്കം മുതൽ, മുഖ്യപൂജാരിയോടും അദ്ദേഹത്തിന്റെ വിശ്വാസങ്ങളോടും തനിക്കുള്ള പൂർണ പിന്തുണ യാദവ് ആവർത്തിച്ചു. താൻ ഗുരുജിയുടെ നിഴൽ മാത്രമാണ്. അദ്ദേഹത്തിന്റെ വിശ്വാസങ്ങളാണ് തന്റെ വിശ്വാസങ്ങൾ. ഹിന്ദുക്കൾ കൊല്ലപ്പെടുകയാണെന്നും അതിനെതിരെ പോരാടാൻ ഹിന്ദു സമുദായത്തിൽ കൂടുതൽ കരുത്ത് കെട്ടിപ്പടുക്കുന്നതിനായി കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി സൂര്യ പ്രതാപ് ചൗഹാൻ കൊലക്കേസ് യാദവ് ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. മെയ് 28-ന് ഗാസിയാബാദിലെ ഖോഡയിൽ വെച്ച് 17 കാരനായ സൂര്യ പ്രതാപിനെ അയൽവാസിയായ അസദും കൂട്ടാളികളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ച് ദിവസത്തിന് ശേഷം ജൂൺ മൂന്നിന് അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
അസദിന്റെ അനുയായികൾ ഇപ്പോൾ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ്. അവരുടെ എണ്ണം കൂടുതലാണെന്നും യാദവ് ആരോപിച്ചു. അവരെ നേരിടാൻ നമുക്ക് സംഘടിത ശക്തിയില്ല. നമ്മൾ ഒറ്റയ്ക്കാണ്. നമ്മുടെ ആളുകൾ റീലുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. മുസ്‌ലിം സ്ത്രീകളുമായി വിവാഹബന്ധത്തിലോ പ്രണയത്തിലോ ഏർപ്പെട്ട ഹിന്ദു പുരുഷന്മാർ സ്ത്രീയുടെ കുടുംബാംഗങ്ങളാൽ ആക്രമിക്കപ്പെട്ട അങ്കിത് സക്സേന ഉൾപ്പെടെയുള്ള മുൻകാല സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അനിൽ യാദവിന്റെ പ്രസംഗത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തതിനെത്തുടർന്ന്, ജൂൺ 25-ന് നർസിംഹാനന്ദ് യാദവിനെ പിന്തുണച്ച് ഒരു വീഡിയോ പുറത്തിറക്കി. ചൈനയും ഇസ്രായേലും മാത്രമാണ് ജിഹാദികൾക്ക് തക്കതായ മറുപടി നൽകിയതെന്ന് വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഫലസ്തീനുമേലുള്ള ഇസ്രായേലിന്റെ ആക്രമണത്തെ പ്രശംസിച്ച അദ്ദേഹം, നമുക്ക് അത് ചെയ്യാൻ കഴിയില്ല, നമുക്ക് അത്രയും ധൈര്യമില്ല എന്നും പറഞ്ഞു.
നർസിംഹാനന്ദിനെതിരെ മുൻവർഷങ്ങളിലും നിരവധി വിദ്വേഷ പ്രസംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ഡിസംബറിൽ ഹരിദ്വാറിലെ ഒരു ചടങ്ങിൽ മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് 2022 ജനുവരി 13-ന് അദ്ദേഹം അറസ്റ്റിലായിരുന്നു. എന്നാൽ യാദവ് താരതമ്യേന അത്ര അറിയപ്പെടാത്ത വ്യക്തിയാണ്. 2022-ൽ നർസിംഹാനന്ദിന്റെ അറസ്റ്റിന് ശേഷം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, ഈ ക്രിമിനൽ കേസുകൾ 'ഞങ്ങളുടെ ആഭരണങ്ങൾ പോലെയാണ്, അതിൽ യാതൊരു പ്രശ്‌നവുമില്ല' എന്ന് യാദവ് പറഞ്ഞിരുന്നു.
മറ്റൊരു വിദ്വേഷ പ്രസംഗ കേസിൽ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് നർസിംഹാനന്ദിനൊപ്പം യാദവിനെതിരെയും ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. നർസിംഹാനന്ദിന്റെ പരാമർശങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് മറുപടിയായി പ്രവാചകൻ മുഹമ്മദ് നബിയുടെയും ഹസ്രത്ത് അലിയുടെയും കോലങ്ങൾ കത്തിക്കുമെന്ന് യാദവ് അന്ന് ഭീഷണിപ്പെടുത്തിയിരുന്നു.