പനീർശെൽവത്തിന് പുറമേ രണ്ടു മക്കളെയും 16 പേരെയും എ.ഐ.ഡി.എം.കെ പുറത്താക്കി

പാർട്ടിയിലെ അധികാര തർക്കത്തിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പനീർശെൽവത്തെ പാർട്ടി ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു

Update: 2022-07-14 15:21 GMT
Advertising

ചെന്നൈ: ഇ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എ.ഐ.ഡി.എം.കെ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ രണ്ടു മക്കളെയും 16 പേരെയും പുറത്താക്കി. പാർട്ടിയിലെ അധികാര തർക്കത്തിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പനീർശെൽവത്തെ പാർട്ടി ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് പനീർശെൽവത്തിന്റെ മകനും പാർട്ടിയുടെ ഏക ലോകസഭാ എംപിയുമായ തേനിയിലെ രവീന്ദ്രനാഥിനെയും മറ്റൊരു മകനായ ജയപ്രദീപിനെയും പുറത്താക്കിയത്. മുൻ മന്ത്രി വെള്ളമണ്ഡി എൻ നടരാജനടക്കമുള്ളവരെയും പുറത്താക്കിയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച പാർട്ടിയുടെ ജനറൽ ബോഡി വിളിക്കാൻ മദ്രാസ് ഹൈക്കോടതി പളനിസ്വാമിക്ക് അനുമതി നൽകുകയും യോഗത്തിൽ അദ്ദേഹം പനീർശെൽവത്തെ പുറത്താക്കുകയുമായിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി പാർട്ടിയിൽ ഇരുവർക്കുമുണ്ടായിരുന്ന തുല്യപദവി മാറ്റി ഇടക്കാല സെക്രട്ടറിയായി പളനിസ്വാമിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ജനറൽ കൗൺസിലിലെ 2500 അംഗങ്ങളും ഇ.പി.എസ്സിനെ പിന്തുണക്കുകയായിരുന്നു. അതോടെ കോർഡിനേറ്റർ, ജോയിൻറ് കോർഡിനേറ്റർ എന്നീ പദവികൾ മാറ്റി. കോർഡിനേറ്ററായിരുന്ന ഒ.പി.എസ് അടക്കമുള്ളവരെ പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. ഡിഎംകെയുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നടക്കം ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. ഒ.പി.എസ്സിന് പകരം ദിണ്ടിഗൽ ശ്രീനിവാസനെയാണ് പളനിസ്വാമി ട്രഷററാക്കിയിരുന്നത്.

Apart from Panneerselvam, AIDMK expelled two sons and 16 others.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News