അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം: ജെഡിയുവിന്റെയും ടിഡിപിയുടേയും നിലപാട് ചോദിച്ച് കെജ്‌രിവാൾ
ജെഡിയു നേതാവ് നിതീഷ് കുമാറിനോടും ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനോടുമാണ് അരവിന്ദ് കെജ്‌രിവാൾ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും വൻ പ്രതിഷേധം അരങ്ങേറുന്നതിനിടെ ടിഡിപിയുടെയും ജെഡിയുവിന്റേയും നിലപാട് ചോദിച്ച് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ.
വിഷയത്തിൽ എൻഡിഎയിലെ കക്ഷികളായ ടിഡിപിയുടെയും ജെഡിയുവിന്റെയും നിലപാട് എന്തെന്ന് അറിയാൻ താത്പര്യമുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു.
ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടും ടിഡിപിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനോടുമാണ് അരവിന്ദ് കെജ്‌രിവാൾ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
'' നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും രാജ്യത്തെ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നത് ഇതാണ്, ' അംബേദ്കറെ അപമാനിക്കുന്ന അമിത് ഷായുടെ നിലപാടിനെ നിങ്ങൾ പിന്തുണക്കുന്നുണ്ടോ?- കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
അതേസമയം അമിത് ഷായുടെ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയിട്ടും കേന്ദ്രത്തിൽ മോദി സർക്കാറിനെ താങ്ങിനിര്‍ത്തുന്ന നിർണായക ശക്തികളായ ജെഡിയുവും ടിഡിപിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതാണ് കെജ്‌രിവാൾ ചോദ്യംചെയ്ത്. ഡിസംബർ 17ന് രാജ്യസഭയിൽവെച്ച് അമിത് ഷാ നടത്തിയ പരാമർശമാണ് വിവാദമായത്.
' അംബേദ്‌കര്‍, അംബേദ്‌കര്‍, അംബേദ്‌കര്‍...എന്ന് പറയുന്നതു പ്രതിപക്ഷത്തിനു ഫാഷനായിരിക്കുന്നു. ഇങ്ങനെ പല തവണ ദൈവത്തിന്റെ പേരു പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്‌ഥാനം ലഭിക്കുമായിരുന്നു'- ഇങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
അതേസമയം അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പാർലമെന്റിന് മുന്നിൽ 'ഇൻഡ്യ' സഖ്യത്തിന്റെ കീഴില്‍ ഉജ്വല പ്രതിഷേധമാണ് അരങ്ങേറിയത്. നീലവേഷമണിഞ്ഞ്, ജയ്ഭീം മുദ്രാവാക്യം മുഴക്കിയായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. പ്രതിപക്ഷ നീക്കത്തിൽ ഞെട്ടിയ ഭരണപക്ഷം പ്രതിരോധവുമായി രംഗത്തിറങ്ങി.
അംബേദ്കറിന്റെ പ്ലക്കാർഡുകളുമായി ഇറങ്ങിയ ബിജെപി എംപിമാർ 'ഇൻഡ്യ' സഖ്യ നേതാക്കളെ കയ്യേറ്റം ചെയ്തു. അയവില്ലാത്ത പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു.