കൂടുമാറ്റത്തിനൊരുങ്ങി മുന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍; ഗോവയില്‍ പുതിയ നീക്കങ്ങളുമായി തൃണമൂല്‍

പാർട്ടിയുമായി അസംതൃപ്തിയുള്ള കോണ്‍ഗ്രസ് നേതാക്കളെ തൃണമൂലിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്.

Update: 2021-09-27 13:46 GMT
Editor : abs | By : Web Desk
Advertising

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരുക്കള്‍ നീക്കി തൃണമൂല്‍ കോണ്‍ഗ്രസ്. പാർട്ടിയുമായി അസംതൃപ്തി തുടരുന്ന കോണ്‍ഗ്രസ് നേതാക്കളെ തൃണമൂലിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഡെറിക് ഒബ്രിയാന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറോ തൃണമൂലിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ഫലേറോ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. മികച്ച ഓഫര്‍ ഫലേറോക്ക് വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫലേറോക്കൊപ്പം സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തൃണമൂലില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.

മമത ബാനര്‍ജിയെ പ്രശംസിച്ചു രംഗത്തെത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ലൂസിഞ്ഞോ ഫലേറോ. മോദിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് മമതയാണ്. അവര്‍ മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുലയാണ് വിജയിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ ഒരു പോരാളിയാണ്. കോണ്‍ഗ്രസ് കുടുംബം ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗോവയിലും ചുവടുറപ്പിക്കാന്‍ ആരംഭിച്ചതിന്റെ മുന്നോടിയാണ് തൃണമൂലിന്റെ പുതിയ നീക്കം. ഭവാനിപൂരില്‍  മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പൊതുപരിപാടിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു. അസമിനൊപ്പം ഗോവയിലും വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ പാര്‍ട്ടി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മാത്രമായി ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. ഗോവയില്‍ മറ്റു പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലെത്തുമെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം അടുത്ത വര്‍ഷമാണ് ഗോവ തെരഞ്ഞെടുപ്പ്. 2017ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ല്‍ 27 സീറ്റുകളുമായാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാല് സീറ്റുകളില്‍ ഒതുങ്ങി.

യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന പ്രഖ്യാപനങ്ങളുമായി എഎപിയും ഗോവയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ രംഗത്തുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ അടുത്തിടെ ഗോവ സന്ദര്‍ശിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News