ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്
ബീഫ് വിൽക്കുന്ന ഹോട്ടലുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താനുള്ള നീക്കത്തിലാണ് അസം പൊലീസ്
കോക്രജർ: ബീഫ് വിറ്റുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമകളെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്. കോക്രജർ മേഖലയിൽ നടത്തിയ റെയ്ഡിൽ 10 കിലോ ബീഫ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. മസ്ജിദ് റോഡിലെ ആമിർ ഹോട്ടൽ, ദാദാജി ഹോട്ടൽ, മുസ്‌ലിം ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്.
മുസ്‌ലിം ഹോട്ടൽ ഉടമ റസാക്കുൽ ഇസ്‌ലാം ഒളിവിലാണ്. മറ്റു ഹോട്ടൽ ഉടമകളായ അമീർ ഹുസൈൻ, മോഫിസ് അലി, മജ്‌നൂർ റഹ്മാൻ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ഡിന് പിന്നാലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബീഫ് രാഷ്ട്രീയം ആയുധമാക്കി സർക്കാരിന് എതിരായ ജനരോഷവും അഴിമതി ആരോപണവും വഴിതിരിച്ചുവിടാനാണ് ഹിമന്ത ശ്രമിക്കുന്നത് എന്ന് ആരോപണമുണ്ട്. മുസ്‌ലിം ഹോട്ടലുടമകളെ കസ്റ്റഡിയിലെടുത്ത് അർധരാത്രി വരെ പൊലീസ് സ്റ്റേഷനിൽ നിർത്തി ഭീഷണിപ്പെടുത്തുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു.