അഹമ്മദാബാദ് വിമാനദുരന്തം; ഉത്തരവാദി സീനിയർ പൈലറ്റെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്
വിമാനം തകര്‍ന്നുവീഴുന്നതിന് മുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തെ ലഭ്യമായിരുന്നു
ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സീനിയർ പൈലറ്റിനെ സംശയ നിഴലിലാക്കി വാൾസ്ട്രീറ്റ് ജേർണലിന്‍റെ റിപ്പോർട്ട്. ഇന്ധന സ്വിച്ച് സംവിധാനം ഓഫ് ചെയ്തത് പൈലറ്റ് എന്നാണ് സംശയം.
വിമാനം തകര്‍ന്നുവീഴുന്നതിന് മുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തെ ലഭ്യമായിരുന്നു. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നിരുന്നു. എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താൻ ഓഫാക്കിയിട്ടില്ലെന്നായിരുന്നു സഹപൈലറ്റിന്‍റെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നുമായിരുന്നു എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത്.
ഇത് ആര് ആരോട് പറഞ്ഞു എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.
15,638 മണിക്കൂര്‍ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമുണ്ട്. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്റ്റ് ഓഫീസറാണ് എന്തുകൊണ്ടാണ് താങ്കള്‍ ഫ്യുവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം പൈലറ്റുമാർക്ക് എതിരെ അകാരണമായി കുറ്റം ചുമത്തുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആരോപിച്ചു. അന്വേഷണത്തിൽ നിന്ന് പൈലറ്റ് പ്രതിനിധികളെ ഒഴിവാക്കിയതിനെ പൈലറ്റുമാരുടെ സംഘടന എതിർക്കുകയും കുറ്റം ചുമത്തുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു."സമഗ്രവും സുതാര്യവും ഡാറ്റാധിഷ്ഠിതവുമായ ഒരു അന്വേഷണത്തിന് മുമ്പ് കുറ്റം ചുമത്തുന്നത് നിരുത്തരവാദപരമാണ്. അത്തരം ഊഹാപോഹപരമായ വ്യാഖ്യാനങ്ങൾ ഉയർന്ന പരിശീലനം ലഭിച്ച ക്രൂ അംഗങ്ങളുടെ പ്രൊഫഷണലിസത്തെ ദുർബലപ്പെടുത്തുകയും അവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും അനാവശ്യമായ ദുരിതം ഉണ്ടാക്കുകയും ചെയ്യുന്നു," എഫ്ഐപി ഒരു പ്രസ്താവനയിൽ പറഞ്ഞു. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്. 260 പേരാണ് മരിച്ചത്.