എ.ടി.എം കൗണ്ടർ വഴിയുള്ള പണമിടപാട് ഇനി ‘പൊള്ളും’

എ.ടി.എം ഇടപാടുകൾക്ക് നൽകേണ്ട ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്

Update: 2024-06-13 11:17 GMT

മുംബൈ: എ.ടി.എം കൗണ്ടർ വഴിയുള്ള പണമിടപാടുകൾക്ക് നൽകേണ്ട ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ) ഇൻ്റർചേഞ്ച് ഫീസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർബിഐ) നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെയും (എൻപിസിഐ) സമീപിച്ചിരുന്നു.

ഇത് പരിഗണിച്ച് റിസർവ് ബാങ്കുകൾ തുടർനടപടിയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്.ഒരോ എ.ടി.എം ഇടപാടുകൾക്കും ഇനി 23 രൂപ നൽകണമെന്നാണ് സി.എ.ടി.എം.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇടപാടുകൾക്ക് ബാങ്കുകൾ പരസ്പരം ഈടാക്കുന്ന നിരക്കാണ് ഇൻറർചേഞ്ച് ഫീസ്. പണം പിൻവലിക്കാൻ മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടർ ഉപയോഗിക്കുന്നതിന് ഉപഭോക്താവിന് എ.ടി.എം കാർഡ് നൽകിയ ബാങ്ക് നിശ്ചിത തുക നൽകുന്നതിനെയാണ് ഇൻറർചേഞ്ച് ഫീസ് എന്ന് പറയുന്നത്.

മൂന്ന് വർഷം മുമ്പാണ് അവസാനമായി നിരക്ക് വർദ്ധിപ്പിച്ചതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. 2021-ൽ ഇൻ്റർചേഞ്ച് ഫീസ് 15 ൽ നിന്ന് 17 രൂപയായാണ് അന്ന് ഉയർത്തിയത്. പരമാവധി ഈടാക്കാവുന്ന നിരക്ക് 20 ൽ നിന്ന് 21 ആയും അന്ന് ഉയർത്തിയിരുന്നു.

അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം കൗണ്ടർ വഴി പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. മറ്റുബാങ്കുകളുടെ എ.ടി.എം വഴി മൂന്ന് ഇടപാടുകളാണ് നിലവിൽ സൗജന്യമായി ഉ​പയോഗിക്കാൻ പറ്റുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News