'15 മിനിറ്റ് കൊണ്ട് എ.ടി.എം കവർച്ച പഠിക്കാം'; ബിഹാറിൽ കൊള്ളസംഘത്തിന്‍റെ 'ക്രാഷ്' കോഴ്‌സ്, നാലുപേർ അറസ്റ്റിൽ

തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ടാണ് മൂന്നുമാസത്തെ എ.ടി.എം കവർച്ചാ പരിശീലനം നൽകുന്നത്. വെറും 15 മിനിറ്റ് കൊണ്ട് എ.ടി.എം കവർച്ച നടത്താനുള്ള വിദ്യയാണ് സംഘം പഠിപ്പിക്കുന്നത്

Update: 2023-04-27 11:45 GMT
Editor : Shaheer | By : Web Desk
Advertising

പട്‌ന: ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് ഈസിയായി സംസാരിക്കാം, മൂന്നു ദിവസം കൊണ്ട് ഡ്രൈവിങ് പഠിക്കാം എന്നൊക്കെ പലതരം പരസ്യവാചകങ്ങൾ കാണാറുണ്ട്. എന്നാൽ, ദിവസങ്ങൾ കൊണ്ട് കൊള്ളയടിക്കാൻ പഠിപ്പിക്കുന്ന 'കോഴ്‌സി'നെക്കുറിച്ച് കേട്ടിട്ടുണ്ടോ!? തമാശയല്ല, 15 മിനിറ്റ് കൊണ്ട് എ.ടി.എം കൊള്ളയടിക്കാൻ പഠിപ്പിക്കുന്ന ട്രെയിനിങ് സ്‌കൂളുണ്ട് ബിഹാറിൽ!

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന എ.ടി.എം കവർച്ചയിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിക്കുന്നത്. ദിവസങ്ങൾക്കുമുൻപാണ് നഗരത്തിലെ സുൽത്താൻപൂർ റോഡിലുള്ള എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ ലക്ഷങ്ങളുടെ കവർച്ച നടന്നത്. മിനിറ്റുകൾക്കുള്ളിൽ എ.ടി.എമ്മുകളിൽനിന്ന് കവർച്ചാസംഘം തട്ടിയത് 39.58 കോടി രൂപയാണ്.

കഴിഞ്ഞ ഏപ്രിൽ മൂന്നിനായിരുന്നു വൻ കവർച്ച നടന്നത്. തലേദിവസം പരിസരം പരിശോധിച്ചുറപ്പിച്ച ശേഷമാണ് പിറ്റേന്ന് നാലുപേർ ഹരിയാനയിലെ മേവാത്തിൽനിന്ന് സ്ഥലത്തെത്തിയത്. രാത്രി കവർച്ച നടത്തി മുങ്ങിയെങ്കിലും പുലർച്ചെ മൂന്നു മണിയോടെ സംഘം അറസ്റ്റിലായി. നീരജ് മിശ്ര, രാജ് തിവാരി, പങ്കജ് കുമാർ പാണ്ഡെ, കുമാർ ഭാസ്‌കർ ഓജ എന്നിവരാണ് കവർച്ച നടത്തിയത്. ഇവരെ ചോദ്യംചെയ്തപ്പോൾ കൊള്ളയടിച്ച പത്തു ലക്ഷത്തോളം അടുത്തുള്ള ഫ്‌ളാറ്റിൽ സൂക്ഷിച്ചതായി വെളിപ്പെടുത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തു.

കൂടുതൽ ചോദ്യംചെയ്യതിലാണ് വൻ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികളിൽനിന്ന് പൊലീസിനു ലഭിച്ചത്. ഹരിയാനയിലെ ഛപ്ര സ്വദേശിയായ സുധീർ മിശ്രയയും ഇയാളുടെ കൂട്ടാളി ബുൽബുൽ മിശ്രയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. എ.ടി.എം ബാബ എന്ന് അറിയപ്പെടുന്ന സുധീറാണ് യുവാക്കൾക്ക് കവർച്ച നടത്താനുള്ള പരിശീലനം നൽകുന്നത്.

തൊഴിൽരഹിതരായ യുവാക്കളെ മോഹനവാഗ്ദാനങ്ങൾ നൽകിയാണ് ഇയാൾ എ.ടി.എം കവർച്ച നടത്താൻ പരിശീലനം നൽകുന്നത്. ഛപ്രയിൽ വച്ചാണ് മൂന്നുമാസത്തെ എ.ടി.എം കവർച്ചാ ക്രാഷ് കോഴ്‌സ് നൽകുന്നത്. വെറും 15 മിനിറ്റ് കൊണ്ട് എ.ടി.എം കവർച്ച നടത്താനുള്ള വിദ്യകളാണ് മൂന്നു മാസമെടുത്ത് പരിശീലിപ്പിക്കുന്നത്. കൗണ്ടറിൽ കടക്കുന്നതു മുതൽ ഗ്ലാസിലും സി.സി.ടി.വിയിലും അടിക്കാനുള്ള സ്േ്രപ പെയിന്റുകളുടെ ഉപയോഗവും കൗണ്ടർ പൊളിക്കലും വരെ ഇക്കാലയളവിൽ ഇവരെ പഠിപ്പിക്കും.

ഓൺലൈൻ പരിശീലനം കഴിഞ്ഞാൽ 15 ദിവസത്തെ ഓഫ്‌ലൈൻ ക്ലാസുമുണ്ടാകും. ഇതിൽ കവർച്ചാരീതി നേരിട്ട് പ്രദർശിപ്പിച്ചു പഠിപ്പിക്കുകയാണ് ചെയ്യുക. പരിശീലനം കഴിഞ്ഞാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സംഘത്തെ അയയ്ക്കും. ഇത്തരത്തിൽ 30ഓളം എ.ടി.എം കവർച്ചകൾ സുധീർ മിശ്രയുടെ ആസൂത്രണത്തിൽ നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കും കൂട്ടാളിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Summary: Bihar man known as 'ATM Baba' gives crash-course in breaking ATMs within 15 minutes

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News