'പേരക്കുട്ടിയെ വിട്ടുനൽകണം’; അതുൽ സുഭാഷിന്‍റെ മാതാവ് സുപ്രിംകോടതിയിൽ

ഡിസംബർ ഒമ്പതിനാണ് ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്

Update: 2024-12-20 14:48 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്‍റെ നാലര വയസുള്ള കുട്ടിയെ വിട്ടുനൽകണമെന്ന ആവശ്യവുമായി അതുൽ സുഭാഷിന്റെ മാതാവ് സുപ്രിംകോടതിയെ സമീപിച്ചു. പേരക്കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും അതുൽ സുഭാഷിന്റെ മുൻഭാര്യ നികിത സിംഘാനിയ മനപൂർവം കുട്ടിയെ തങ്ങളിൽനിന്ന് അകറ്റി നിർത്തുകയാണെന്നും സുപ്രിംകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് റിട്ടിൽ പറയുന്നു.

കുട്ടിയെ ഫരീദാബാദ് ബോർഡിംഗ് സ്‌കൂളിൽ ചേർത്തിട്ടുണ്ടെന്നും അമ്മാവൻ സുശീൽ സിംഘാനിയയുടെ കസ്റ്റഡിയിലാണെന്നും നികിത പൊലീസിനോട് പറഞ്ഞു. ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസിൽ വിശദീകരണം ചോദിച്ച് ഉത്തർപ്രദേശ്, ഹരിയാന, കർണാടക സർക്കാറുകൾക്ക് കോടതി നോട്ടീസ് അയച്ചു.

Advertising
Advertising

കൊച്ചുമകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുൽ സുഭാഷിന്റെ പിതാവ് പവന്‍ കുമാര്‍ പറഞ്ഞിരുന്നു. ഡിസംബർ ഒമ്പതിനാണ് ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് 'നീതി വൈകി' എന്ന തലക്കെട്ടോടെ കുറിപ്പെഴുതിവെച്ചായിരുന്നു അതുലിൻ്റെ ആത്മഹത്യ. ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് അതുലിന്‍റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നികിതയെയും, നികിതയുടെ അമ്മയേയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഉത്തർപ്രദേശ്, ഹരിയാന, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ഇടപെടൽ ഉള്ളതിനാൽ വിഷയം പരിഹരിക്കാനും നീതി ഉറപ്പാക്കാനും സുപ്രിംകോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് അതുലിന്‍റെ മാതവ് ഹരജിയിൽ പറഞ്ഞു. ജനുവരി ഏഴിന് കേസ് വീണ്ടും പരി​ഗണിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News