മഹാരാഷ്ട്ര കോൺഗ്രസിൽ ഭിന്നത; നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാത് രാജിവെച്ചു

പി.സി.സി അധ്യക്ഷൻ നാനാ പടോലെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോറാതിന്റെ രാജി.

Update: 2023-02-07 07:41 GMT

Balasaheb Thorat

Advertising

മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാത് പദവി രാജിവെച്ചതായി റിപ്പോർട്ട്. തോറാത് രാജിക്കത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

പി.സി.സി അധ്യക്ഷൻ നാനാ പടോലെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോറാതിന്റെ രാജി. തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നാനാ പടോലെ തന്നെ അപമാനിച്ചെന്നും അദ്ദേഹവുമായി ഇനിയും ഒരുമിച്ച് പ്രവർത്തിക്കാനാവില്ലെന്നും തോറാത് രാജിക്കത്തിൽ പറഞ്ഞു.

എം.എൽ.സി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കമാണ് തോറാതിന്റെ രാജിയിൽ കലാശിച്ചത്. തോറാതിന്റെ ബന്ധുവായ സുധീർ താംബെയുടെ മകൻ സത്യജിത് താംബെ നാസിക് മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി ജയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും പാർട്ടി സസ്‌പെന്റ് ചെയ്തു.

തംബെയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പാർട്ടിയിലെ ചിലർ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് തോറാതിന്റെ ആരോപണം. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ചിലർ തങ്ങളെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുകയാണ്. തങ്ങൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകുമെന്ന അഭ്യൂഹവും പരന്നിരുന്നു. കോൺഗ്രസിന്റെ ആശയം തന്റെ ആശയമാണെന്നും അതിൽ ഒരിക്കലും മാറ്റം വരുത്തില്ലെന്നും തോറാത് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News