കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പിയുടെ ശരീരഭാഗങ്ങളും മുടിയും സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്തു; 80 കഷ്ണങ്ങളായി മുറിച്ചെന്ന് മൊഴി

കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ നിന്നാണ് 3.5 കിലോഗ്രാം മാംസവും മുടിയിഴകളും കണ്ടെടുത്തത്

Update: 2024-05-30 07:09 GMT
Editor : ലിസി. പി | By : Web Desk

കൊൽക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി അൻവാറുൾ അസിം അനാറിന്റെ ശരീരഭാഗങ്ങളും മുടിയിഴകളും കൊൽക്കത്തയിലെ ഫ്‌ളാറ്റിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്തതായി പൊലീസ്. എം.പി കൊല്ലപ്പെട്ടന്ന് സംശയിക്കുന്ന ന്യൂ ടൗൺ ഏരിയയിലെ ഫ്‌ളാറ്റിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് ശരീരത്തിന്റെ മാംസങ്ങളും മുടിയിഴകളും കണ്ടെടുത്തതെന്ന് പശ്ചിമ ബംഗാൾ സിഐഡിയിലെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

'സെപ്റ്റിക് ടാങ്കിൽ നിന്ന് 3.5 കിലോഗ്രാം മാംസവും ചില മുടിയിഴകളും കണ്ടെടുത്തു. ഇവ അനാറിന്റേതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനകൾ നടത്തും'.. ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Advertising
Advertising

എം.പിയെ കൊന്ന ശേഷം ശരീരത്തിലെ തൊലി ഉരിച്ച് 80 കഷ്ണങ്ങളാക്കി മുറിക്കുകയും ശേഷം മഞ്ഞൾ പുരട്ടി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചെന്നായിരുന്നു അറസ്റ്റിലായ കശാപ്പുകാരൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂ ടൗണിന് സമീപമുള്ള കനാലിലടക്കം പൊലീസ് ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. എംപിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഫ്‌ളാറ്റിലെ ശുചിമുറി വഴിയാണ് രക്തം ഒഴിക്കിക്കളഞ്ഞെന്നാണ് സംശയം.ഇതിന്റെ അടിസ്ഥാനത്തിൽ  സെപ്റ്റിക് ടാങ്കുകളും മാലിന്യ പൈപ്പുകളും പരിശോധിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം,കഴിഞ്ഞദിവസം റെമൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് ശരീരഭാഗങ്ങൾ കണ്ടെത്തുന്ന പരിശോധന കൂടുതൽ ദുർഘടമായെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു.

''കൊലപാതകം നടന്നിട്ട് രണ്ടാഴ്ചയിലേറെയായി. ശരീരഭാഗങ്ങൾ ചെറിയ ഭാഗങ്ങളായി മുറിച്ചതിനാൽ ജലജീവികൾ തിന്നുതീർക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കനാലിലെ വെള്ളത്തിലൂടെ ഒഴുകിപ്പോകാനു സാധ്യതയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ എം.പിയാണ് 56 കാരനായ അൻവാറുൽ അസീം അനാർ. ചികിത്സക്കായി മെയ് 12 നാണ് അദ്ദേഹം കൊൽക്കത്തയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലെന്ന പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എം.പിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സ്വർണക്കടത്ത് റാക്കറ്റിൽ നിന്നുള്ള വരുമാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്   കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.അനാറിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ അക്തറുസ്സമാൻ ഷഹീൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. മെയ് 13 ന് ന്യൂ ടൗണിലെ ആഡംബര അപ്പാർട്ട്മെന്റിലേക്ക് ബംഗ്ലാദേശ് യുവതിയായ സെലസ്റ്റി റഹ്മാൻ എം.പിയെ പ്രലോഭിച്ച് എത്തിക്കുകയും 15 മിനിറ്റിനുള്ളിൽ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് കശാപ്പുകാരന്റെ സഹായത്തോടെ എം.പിയുടെ ശരീരത്തിലെ തൊലി ഉരിയുകയും മൃതദേഹം നുറുക്കി മഞ്ഞൾ തേച്ച് കവറിലാക്കി കനാലിൽ എറിഞ്ഞെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 

സംഭവത്തിൽ ഷിമുൽ ബുയ്യാൻ, ഫൈസൽ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസ്തി റഹ്മാൻ എന്നിവരെ പശ്ചിമബംഗാള്‍ സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അക്തറുസ്സമാൻ മെയ് 10-ന് നഗരം വിട്ടതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസിന്റെ ഡിറ്റക്റ്റീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹരുൺ-ഓർ-റാഷിദ് പറഞ്ഞു. ഡൽഹിയിലെത്തിയ പ്രതി കാഠ്മണ്ഡുവിലേക്കും അവിടെ നിന്ന് ദുബായിലേക്കും രക്ഷപ്പെടുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News