''കർഷകരെ അടിച്ചൊതുക്കി ജയിലിൽ പോകൂ, വലിയ നേതാവായി തിരിച്ചുവരാം...'' ഹരിയാന മുഖ്യമന്ത്രി

ബി.ജെ.പി അനുകൂല കർഷക സംഘത്തിന്റെ യോഗത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് കലാപാഹ്വാനം വാർത്തയായത്

Update: 2021-10-04 08:18 GMT
Advertising

ഒരോ പ്രദേശത്തും ആയിരം പേർ സംഘം ചേർന്ന് രോഷകുലരായ കർഷകരെ അടിച്ചൊതുക്കണമെന്നും രണ്ടോ നാലോ മാസം ജയിലിൽ കിടന്നാൽ വലിയ നേതാവായി തിരിച്ചിറങ്ങാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.

സംസ്ഥാനത്ത് നടന്ന ബി.ജെ.പി അനുകൂല കർഷക സംഘത്തിന്റെ യോഗത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് കലാപാഹ്വാനം വാർത്തയായത്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന 2020ലെ മൂന്നു കാർഷിക നിയമങ്ങളെ എതിർക്കുന്നവരെ ഒതുക്കണമെന്നാണ് ഖട്ടറിന്റെ നിർദേശം. അതിനായി വടിയെടുത്ത് ഇറങ്ങാനും കർഷകരെ നന്നായി 'പെരുമാറാനും' എന്താണ് സംഭവിക്കുകയെന്ന് കാണമെന്നും പുറത്തുവന്ന വീഡിയോയിലെ പ്രസംഗത്തിൽ കേൾക്കാം.

ജയിലിൽ രണ്ടോ നാലോ മാസം കിടന്നാലും പിന്നീട് നേതാവാകാമെന്ന് മോഹിപ്പിക്കുന്ന ഖട്ടർ, ജാമ്യത്തെ കുറിച്ച് വേവലാതി വേണ്ടെന്നും പറയുന്നു.

വിവാദ പരാമർശം നടത്തിയ മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും 40 കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

കർഷകരെ തല്ലിയൊതുക്കാൻ ആയുഷ് സിൻഹയെ പോലുള്ള ഉദ്യോഗസ്ഥർക്ക് എവിടെ നിന്നാണ് ഊർജം ലഭിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നതായും അവർ പറഞ്ഞു.

മുഖ്യമന്ത്രി കലാപം നടക്കണമെന്ന് ആഗ്രഹിക്കുകയാണോയെന്ന് ചോദിച്ച് കോൺഗ്രസ് എം.പി ദീപേന്ദർ സിങ്ങും ഖട്ടറിന്റെ രാജി ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനടക്കമുള്ളവരുടെ വാഹനം പ്രതിഷേധത്തിലേക്ക് ഇടിച്ചുകയറി നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട യു.പി ലഖിംപൂർ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രസ്താവന ഏറെ ഗൗരവതരമായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News