ബംഗാള്‍ എസ്ഐആര്‍: ഹരജിയില്‍ അടിയന്തര വാദം വേണ്ടെന്ന് സുപ്രിംകോടതി

ഒക്ടോബര്‍ ആറിന് നടക്കുന്ന റെജിനഗര്‍, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം

Update: 2026-09-29 09:20 GMT

ന്യൂഡല്‍ഹി: എസ്‌ഐആറില്‍ പശ്ചിമബംഗാളിലെ വോട്ടര്‍പ്പട്ടികയില്‍നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല. ഒക്ടോബര്‍ ആറിന് നടക്കുന്ന റെജിനഗര്‍, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകള്‍ക്കുമുന്‍പ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ചത്. 

നിലവില്‍ കേസ് ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കാനാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. നന്തിഗ്രാമിലും റെജിനഗറിലും എസ്ഐആറിനിടെ വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ട നിരവധി പേര്‍ക്ക് നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ലെന്നും, ഒക്ടോബര്‍ ആറിലെ ഉപതെരഞ്ഞെടുപ്പിലും അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ രണ്ട് മണ്ഡലങ്ങളിലായി മാത്രം എസ്‌ഐആറിന്റെ ഭാഗമായി 18,000ലേറെ അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

Advertising
Advertising

എന്നാല്‍ ഇവ കേവലം 'ഉപതിരഞ്ഞെടുപ്പുകളാണെ'ന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല. നിശ്ചയിച്ചതുപോലെത്തന്നെ ഒക്ടോബര്‍ അഞ്ചിന് വാദം കേള്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 

പശ്ചിമബംഗാളില്‍ എസ്ഐആറുമായി ബന്ധപ്പെട്ട് ആകെ 38,31,429 അപ്പീലുകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 22,21,118 എണ്ണം വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ ഒഴിവാക്കിയതിനെതിരെയും, 16,10,311 എണ്ണം പേരുകള്‍ ഉള്‍പ്പെടുത്തിയതിനെതിരെയുമാണ്. സെപ്റ്റംബര്‍ 16 വരെയുള്ള കണക്കില്‍ 1,26,194 അപ്പീലുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. 37,05,235 അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയെ അറിയിച്ചു. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News