ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത് തടയുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്' കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുമെന്ന് സുപ്രിം കോടതിയെ അറിയിച്ചു. ഇത്തരം രജിസ്ട്രേഷനുകൾ തടയുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതയാക്കി മാറ്റുമെന്നും കേന്ദ്രം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച ഉറപ്പ് നൽകിയത്.രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാഭ്യാസ വെബ്‌സൈറ്റുകളിലെ അംഗത്വം തുടരാമെന്ന് മേത്ത കൂട്ടിച്ചേർത്തു. നിലവിലുള്ള മാർഗ നിർദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിയമപരമായ പിന്തുണ ആവശ്യമാണെന്നും മാര്‍ഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും അവ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെറും മാർഗനിർദേശങ്ങളായി മാത്രം നിലനിൽക്കാതെ,നിയമപരമായ രൂപത്തിൽ കൊണ്ടുവരുന്നത് പരിഗണിക്കാനും അതിന്റെ പ്രതികരണം അറിയിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്ലാറ്റ്‌ഫോമുകളുടെ സോഫ്റ്റ്‌വെയറുകൾ ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായിട്ടുള്ളതായിരിക്കണം എന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ബാഗ്ചി, ഇന്ത്യയിലെ പ്രായപരിധി വ്യവസ്ഥകൾ പാലിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് തങ്ങളുടെ സിസ്റ്റങ്ങളിൽ പുനഃസംഘടന വരുത്തേണ്ടി വരുമെന്ന് വ്യക്തമാക്കി.
18 വയസെന്ന പ്രായപരിധി ലംഘിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ അംഗത്വ സംവിധാനങ്ങൾ പരമാവധി കൃത്യതയോടെ ക്രമീകരിക്കണമെന്നും സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' എന്ന എൻജിഒ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മുതിർന്ന അഭിഭാഷകൻ എച്ച്.എസ് ഫൂൽക്കയാണ് സംഘടനക്ക് വേണ്ടി ഹാജരായത്.
ഇന്ത്യൻ നിയമപ്രകാരം 18 വയസ് തികയാത്തവർ പ്രായപൂർത്തിയാകാത്തവരാണ്. നിയമപരമായി യാതൊരുവിധ കരാറുകളിലും സ്വന്തമായി ഒപ്പുവെക്കാനോ പങ്കാളിയാകാനോ ഇവർക്ക് അവകാശമില്ല. എന്നാൽ ഈ നിയമത്തിന് വിരുദ്ധമായി ഫേസ്ബുക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ 13 വയസ് മുതൽ അക്കൗണ്ടുകൾ തുടങ്ങാൻ കുട്ടികളെ അനുവദിക്കുന്നുവെന്ന് ഹരജി വ്യക്തമാക്കുന്നു.
അതേസമയം, കുട്ടികൾക്ക് ഇന്‍റര്‍നെറ്റ് പൂർണമായി നിരോധിക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നില്ല. പകരം, അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നിർബന്ധിത സമ്മതവും കൃത്യമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും വേണമെന്നാണ് ആവശ്യം. പ്രായം ഉറപ്പുവരുത്തുന്നതിൽ നിലവിലുള്ള വീഴ്ചകൾ കാരണം കുട്ടികൾ ഓൺലൈൻ ഗ്രൂമിംഗ്, സെക്സ്റ്റോർഷൻ സൈബർ ബുളീയിംഗ്, ലൈംഗിക ചൂഷണം, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവയ്ക്ക് ഇരയാകുന്നുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
പ്രഥമദൃഷ്ട്യാ ഈ വിഷയം ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിന്റെ പരിധിയിൽ വരുന്നതായി തോന്നുന്നുവെന്ന് മേത്ത പറഞ്ഞു. നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും 2027 മുതൽ മാത്രമേ ബാധകമാകൂ എന്നും ഫൂൽക്ക വാദിച്ചു. അതുകൊണ്ടാണ് ഇപ്പോൾ നടപ്പിലാക്കാവുന്ന നിയമങ്ങൾ ഹരജിക്കാർ ആവശ്യപ്പെടുന്നത്.
ഭേദഗതി എപ്പോൾ അറിയിക്കുമെന്നോ, പ്ലാറ്റ്‌ഫോമുകളുടെ പ്രായം എങ്ങനെ പരിശോധിക്കുമെന്നോ, പാലിക്കാത്തതിന് എന്ത് പിഴകൾ നേരിടേണ്ടിവരുമെന്നോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗത്തിൽ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.