'അഞ്ച് മണിക്കൂർ ജോലി, മോമോസ് വിൽപ്പനക്കാരൻ ദിവസം സമ്പാദിക്കുന്നത് ഒരു ലക്ഷംരൂപ..!'; സോഷ്യൽമീഡിയയിൽ വൈറലായി വിഡിയോ, ചൂടുപിടിച്ച് ചർച്ച
ആ തട്ടുകടയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്
ബംഗളൂരു: ബംഗളൂരുവിലെ ഒരു മോമോസ് കച്ചവടക്കാരൻ ഒരു ദിവസം സമ്പാദിക്കുന്നത് കേട്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽമീഡിയ. ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ കാസി പരേര എന്നയാളാണ് മോമോസ് കച്ചവടക്കാരന്റെ വരുമാനം വെളിപ്പെടുത്തുന്ന റീൽ പങ്കുവെച്ചത്. വിഡിയോയില്‍ പറയുന്നത് പ്രകാരം മോമോസ് വിൽപ്പനക്കാരൻ പ്രതിമാസം 31 ലക്ഷം രൂപയും പ്രതിദിനം ഒരു ലക്ഷം രൂപയിലധികവും സമ്പാദിക്കുന്നുവെന്നാണ്.
കെ.കെ മോമോസ് എന്നറിയപ്പെടുന്ന മോമോസ് സ്റ്റാൾ നഗരത്തിലെ ജനപ്രിയ ഭക്ഷണ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ഉടമ പറയുന്നു. വൈകുന്നേരം അഞ്ച് മണിമുതൽ രാത്രി പത്ത്മണിവരെയാണ് ഒരു ദിവസം മോമോസ് സ്റ്റാൾ പ്രവർത്തിക്കുന്നതെന്ന് വിഡിയോയിൽ പറയുന്നു. 'വെറും ഒരു മണിക്കൂറിനുള്ളിൽ 118 പ്ലേറ്റ് മോമോകൾ വിറ്റു. ഒരു പ്ലേറ്റിന് 110 രൂപയാണ് വാങ്ങുന്നത്. ഇന്ന് ഞങ്ങൾ ഏകദേശം 950 പ്ലേറ്റുകൾ വിറ്റെന്നും' മോമോസ് വിൽപ്പനക്കാർ പറയുന്നു. മോമോസ് വിൽപ്പനക്കാരൻ കഠിനാധ്വാനത്തിലൂടെയും സ്ഥിരതയിലൂടെയും ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ് റീലിൽ പറയുന്നത്.
അതേസമയം, ഇൻസ്റ്റഗ്രാം വിഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുകയും ചെയ്തു. ഞാൻ ഒരു വർഷത്തിൽ ഇത്രയും തുക പോലും സമ്പാദിക്കുന്നില്ലെന്ന് ഒരാൾ കമന്റ് ചെയ്തു. എന്നാൽ കച്ചവടക്കാരൻ പറയുന്നത് നുണയാണെന്നാണ് ചിലരുടെ വാദം. ഒരു പ്ലേറ്റ് മോമോസിന് 110 രൂപ വരില്ലെന്നും അത്രയും പൈസക്ക് വഴിയരികിൽ വിൽക്കാൻ കഴിയില്ലെന്നും ചിലർ പറയുന്നു.
കൂടാതെ ഒരുദിവസം 900ത്തിൽ കൂടുതൽ പ്ലേറ്റ് മോമോസ് വിൽക്കാൻ ഒരു സാധ്യതയില്ലെന്നും മറ്റ് ചിലർ വാദിച്ചു. ഒരു മണിക്കൂറിനുള്ളിൽ 118 പ്ലേറ്റ് മോമോസ് വിറ്റെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ചിലർ പറയുന്നു.ഇയാൾ നികുതി അടക്കുന്നുണ്ടോ എന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. ആ തട്ടുകടയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ടോ എന്ന് ചിലർ തമാശയായി ചോദിക്കുകയും ചെയ്തു.