സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്‌സ് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് പോസ്റ്റർ: വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി ബെംഗളൂരുവിലെ റെസ്റ്റോറന്‍റ്

റെസ്‌റ്റോറന്റിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം

Update: 2025-12-10 05:48 GMT

ബെംഗളൂരു: സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്‌സ് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന പോസ്റ്റര്‍ പതിച്ച് വെട്ടിലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു പ്രമുഖ റെസ്റ്റോറന്റ്. ഡെലിവറി ബോയ്‌സ് മുകളിലെ നിലയിലേക്ക് കയറാന്‍ കോണിപ്പടികള്‍ ഉപയോഗിക്കണമെന്നാണ് ബെംഗളൂരുവിലെ പ്രശസ്തമായ മേഘ്‌ന ഫുഡ്‌സ് തങ്ങളുടെ സ്ഥാപനത്തിന്റെ തൊട്ടുമുമ്പില്‍ തന്നെ ഒട്ടിച്ചുവെച്ചത്. സംഭവം വിവാദമായതോടെ ഇവര്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

റെസ്‌റ്റോറന്റിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. 'സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്‌സിന് ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുവാദമില്ല. ദയവുചെയ്ത് കോണിപ്പടികള്‍ ഉപയോഗപ്പെടുത്തുക'. പോസ്റ്ററിലെ വരികള്‍ ഇങ്ങനെയായിരുന്നു.

Advertising
Advertising

സമൂഹത്തില്‍ തങ്ങളുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതിനായി താല്‍ക്കാലിക ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികളോട് മുന്‍വിധിയോടെയുള്ള പെരുമാറ്റം തീരെ ശരിയായില്ലെന്നാണ് സമൂഹമാധ്യമത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്.

'നിങ്ങളുടെ ബിസിനസിന്റെ വിജയത്തിനായി പരിശ്രമിക്കുന്നവരെ വിലക്കുന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ? വളരെ മോശമായ തീരുമാനമായി'. വ്യാപകമായി പ്രചരിക്കപ്പെട്ട പോസ്റ്റിന് താഴെ ഒരാള്‍ എഴുതി.

'ഇത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. ഒന്നുകില്‍ ഭക്ഷണം അവര്‍ക്ക് എടുത്തുകൊണ്ടുപോകാന്‍ പാകത്തില്‍ താഴെ നിലയില്‍ ഒരു കൗണ്ടര്‍ തുറക്കുക. അല്ലെങ്കില്‍, അവര്‍ക്ക് ലിഫ്റ്റ് അനുവദിച്ചുനല്‍കുക'. മറ്റൊരാള്‍ പ്രതികരിച്ചു.

ഡെലിവറി ബോയ്‌സിന് ലിഫ്റ്റ് വിലക്കിയത് സ്ഥാപനത്തിന്റെ നല്ലതിന് വേണ്ടിയായിരിക്കുമെന്നാണ് മറ്റു ചിലരുടെ വാദം. 'മേഘ്‌ന ഫുഡ്‌സ് കറണ്ട് ബില്ല് ലാഭിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, അവരാകട്ടെ മനുഷ്യത്വത്തിന് തെല്ലുവില കല്‍പിക്കുന്നുമില്ല'. എന്നിങ്ങനെ സമ്മിശ്രമായ അഭിപ്രായങ്ങളാണ് അവരുടെ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് താഴെ നിറഞ്ഞുകവിഞ്ഞത്.

എന്നാല്‍, സംഭവം വലിയ വിവാദമായതോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെസ്റ്റോറന്റ് അധികൃതര്‍. പോസ്റ്റര്‍ പതിച്ചത് തെറ്റിധാരണയായിരുന്നുവെന്നും നീക്കം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി അവര്‍ പ്രസ്താവനയിറക്കുകയും ചെയ്തു.

പ്രസ്താവനയില്‍, 'ഡെലിവറി ബോയ്‌സിന് ലിഫ്റ്റ് നിഷേധിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഔട്ട്‌ലെറ്റിന്റെ പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ടു. തിരക്കേറിയ സമയങ്ങളില്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് പ്രയാസം ഉണ്ടാകേണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്യേണ്ടിവന്നത്. അത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഇനിയൊരിക്കലും അങ്ങനെയൊന്ന് ഉണ്ടാകില്ല'. അവര്‍ പറഞ്ഞു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News