Writer - അൻഫസ് കൊണ്ടോട്ടി
anfas123
ബിഹാർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയാണ് എൻഡിഎയുടെ പ്രചാരണം. ഇൻഡ്യ സഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഉടൻ ബിഹാറിൽ എത്തും. അതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നാല് മുൻ എംഎൽഎമാർ അടക്കം 11 നേതാക്കളെ ജെഡിയു പുറത്താക്കി.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 10 ദിവസം മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സഖ്യവും NDA യും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തി കൊണ്ടുള്ള ബിജെപിയുടെ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാനത്തുണ്ട്. രാഹുൽ ഗാന്ധിയെ രംഗത്തിറക്കി എൻഡിഎ പ്രചാരണങ്ങളെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ് മഹാഗഡ്ബന്ധൻ. ചൊവ്വാഴ്ച രാഹുൽഗാന്ധി ബിഹാറിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും അടുത്ത ദിവസങ്ങളിലായി വിവിധ റാലികളിൽ പങ്കെടുക്കും.അതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 11 നേതാക്കളെ ജെഡിയു പുറത്താക്കി. 4 മുൻ എംഎൽഎമാരും പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. ജനകീയ പ്രഖ്യാപനങ്ങളിലൂടെ സ്ത്രീ വോട്ടർമാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഛഡ്ഡ് പൂജയ്ക്ക് ശേഷം റാലികൾക്കായി രാഹുൽ ഗാന്ധി കൂടിയെത്തുന്നതോടെ കളം നിറയും.
243 അംഗ ബിഹാർ നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 11, 14 തീയതികളിലാണ് പോളിങ്.