'മുസ്‍ലിംകൾ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നവര്‍'; ഇസ്‌ലാമോഫോബിക് എഐ വീഡിയോയുമായി അസ്സം ബിജെപി, പ്രതിഷേധം
നിരവധി പേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്
ദിസ്പൂര്‍: ഇസ്‌ലാമോഫോബിക് ഉള്ളടക്കമുള്ള എഐ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ച അസ്സം ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. അസ്സം വിത്തൗട്ട് ബിജെപിഎന്ന പേരിലുള്ള വീഡിയോയാണ് എക്‌സ് പേജില്‍ പങ്കുവച്ചിരിക്കുന്നത്. മുസ്‍ലിംകൾ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നവരാണെന്നും ഗുവാഹത്തി വിമാനത്താവളം, അസം രംഗർ, നഗരം, സ്റ്റേഡിയം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ വലിയ തോതിൽ അധിനിവേശം നടത്തുന്നതായും വീഡിയോ ചിത്രീകരിക്കുന്നു.
പാകിസ്താനിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍റെ അരികിൽ രാഹുൽ ഗാന്ധി നിൽക്കുന്നത് കാണിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടിയെ പാകിസ്താനുമായി ബന്ധമുള്ള ഒരു പാർട്ടിയായി വീഡിയോയിൽ കാണിക്കുന്നു. നിരവധി പേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അസ്സം ബിജെപി പോസ്റ്റ് ചെയ്ത വീഡിയോ സാമുദായിക ഐക്യത്തെ തകർക്കാനും മുസ്‍ലിംകൾക്കെതിരെ, പ്രത്യേകിച്ച് അസ്സമിൽ അക്രമം ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണോ എന്ന് നെറ്റിസൺസ് ചോദിച്ചു. നിരവധി വിമർശകർ വീഡിയോയെ അപലപിക്കുകയും പോസ്റ്റ് മുസ്‍ലിംകളെ പൈശാചികവത്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി.
വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവൽക്കരിക്കുന്നതിന് ബിജെപിയെ മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ വിശകലന വിദഗ്ധർ എന്നിവരും വിമർശിച്ചു.'' വീഡിയോ അസ്വസ്ഥതയുണ്ടാക്കുന്നതും വെറുപ്പുളവാക്കുന്നതും വംശഹത്യക്ക് കാരണമാകുന്നതുമാണ്'' തൻപ്രീത് സെഗാൾ എന്ന ഉപയോക്താവ് എക്സിൽ കുറിച്ചു. "പാർട്ടിയുടെ ഔദ്യോഗിക പേജ് വിദ്വേഷവും വർഗീയ സ്പര്‍ധയുണ്ടാക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നത് വെറുപ്പുളവാക്കുന്നതാണ്. എന്ന് ഡോ. ആരത്രിക ഗാംഗുലി എന്ന അക്കൗണ്ട് പ്രതികരിച്ചു. അതേസമയം, പാർട്ടി ഹിന്ദു-മുസ്‍ലിം രാഷ്ട്രീയത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് മറ്റു പലരും ചൂണ്ടിക്കാട്ടി.
ബിജെപിയുടെ ജാർഖണ്ഡ് യൂണിറ്റ് മുമ്പ് സമാനമായ അധിക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ മുസ്‍ലിം നേതാക്കൾ ആളുകളുടെ വീടുകൾ കൈയടക്കുന്നതിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.ഞായറാഴ്ച അസ്സമിൽ ഒരു വികസന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെ, വോട്ട് ബാങ്ക് സംരക്ഷിക്കാൻ കോൺഗ്രസ് ദേശവിരുദ്ധരെയും നുഴഞ്ഞുകയറ്റക്കാരെയും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.2041 ആകുമ്പോഴേക്കും മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുക്കളുടെ എണ്ണത്തേക്കാൾ കൂടുതലാകുമെന്ന് അവകാശപ്പെട്ട അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ സമാനമായ വിദ്വേഷ പ്രസംഗങ്ങൾക്കിടയിലാണ് മുസ്‍ലിംകൾക്കെതിരായ മോദിയുടെ വിദ്വേഷ പ്രസംഗം. അസ്സമിലെ ഭൂരിഭാഗം മുസ്‍ലിംകളും അനധികൃത കുടിയേറ്റക്കാരാണെന്നും ഹിമന്ത പറഞ്ഞിരുന്നു.