മലിനജലത്തിൽ സ്നാനം ചെയ്യാന്‍ പറ്റില്ല; മോദിക്കായി യമുനാ തീരത്ത് ‘വ്യാജ യമുന', ബിജെപിക്കെതിരെ എഎപി
മോദിയുടെ സ്‌നാനത്തിനായി യമുനയോട് ചേർന്ന് പ്രത്യേക കുളം നിർമ്മിച്ചെന്നും, ശുദ്ധീകരിച്ച ജലം പുറത്ത് നിന്ന് കൊണ്ടുവന്ന് നിറച്ചെന്നുമാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്
യമുനാ തീരത്ത് ഒരുക്കിയ ‘വ്യാജ യമുന' Photo- @Saurabh_MLAgk/X
ന്യൂഡല്‍ഹി: ഛഠ് പൂജയുമായി ബന്ധപ്പെട്ട യമുന സ്‌നാനത്തിന് പ്രധാനമന്ത്രിക്ക് പ്രത്യേക നദി തന്നെ നിർമ്മിച്ച സംഭവം വിവാദത്തിൽ. ആം ആദ്മി പാര്‍ട്ടിയാണ്(എഎപി) പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്നാനം ചെയ്യാനായി വ്യാജ യമുന നിര്‍മിച്ചുവെന്ന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയിരിക്കുന്നത്.
മോദിയുടെ സ്‌നാനത്തിനായി യമുനയോട് ചേർന്ന് പ്രത്യേക കുളം നിർമ്മിച്ചെന്നും, ശുദ്ധീകരിച്ച ജലം പുറത്ത് നിന്ന് കൊണ്ടുവന്ന് നിറച്ചെന്നുമാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്. യഥാർഥ നദിയിലെ വെള്ളം കലരാതിരിക്കാൻ പ്രത്യേക മതിൽകെട്ടുകളും നിർമിച്ചിട്ടുണ്ട്.
നദിയോട് ചേർന്ന് പുതിയ പടികെട്ടുകൾ സഹിതമാണ് കുളം നിർമ്മിച്ചത്. മാലിന്യ പ്രശ്‌നം മൂലം ഉപയോഗശൂന്യമായ യമുനയോട് ചേർന്നാണ് പുതിയ ജലാശയവും ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് വസീറാബാദിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ശുചീകരിച്ച വെള്ളമെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രി ഛഠ് പൂജയിൽ പങ്കെടുക്കാനായി യമുനാ നദികരയിൽ എത്താനിരിക്കെയാണ് വലിയ തോതിൽ മലിനമായ നദിയോട് ചേർന്ന് മറ്റൊരു നദി ഒരുക്കിയിരിക്കുന്നത്.
അതേസമയം എഎപിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി പറഞ്ഞു. ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി യമുന ശുചീകരണത്തെ ആം ആദ്മി പാർട്ടി എതിർക്കുകയാണെന്നും ബിജെപി ആരോപിച്ചു. ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനക്കാരാണ് കൂടുതലും ഛഠ് പൂജയിൽ പങ്കെടുക്കുന്നത്. പ്രാർത്ഥിച്ച് നദിയിൽ മുങ്ങുന്ന ചടങ്ങയതിനാൽ മലിനമായി ഒഴുകുന്ന യമുന ഇതിനൊരു വെല്ലുവിളിയാണ്.
Watch Video Report