തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥിക്കു കിട്ടിയത് ഒരു വോട്ട്!

അഞ്ചു പേരുള്ള സ്വന്തം കുടുംബത്തിൽ നിന്നു പോലും കാർത്തികിന് വോട്ടു കിട്ടിയില്ല

Update: 2021-10-14 08:43 GMT
Editor : abs | By : Web Desk
Advertising

കോയമ്പത്തൂർ: തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ ജില്ലയിൽ അങ്കത്തിനിറങ്ങിയ ബിജെപി സ്ഥാനാർത്ഥിക്ക് സ്വന്തം കുടുംബത്തിന്റെ വോട്ടു പോലും കിട്ടിയില്ല! കുരുടംപാളയം പഞ്ചായത്തിലെ ഒമ്പതാം വാർഡായ പെരിയനായ്കൻപാളയത്ത് മത്സരിച്ച ഡി കാർത്തികിനാണ് സ്വന്തം വോട്ടുമാത്രം ലഭിച്ചത്. അഞ്ചു പേരുള്ള കുടുംബത്തിൽ നിന്നു പോലും കാർത്തികിന് ഒരു വോട്ടും ലഭിച്ചില്ല എന്നതാണ് കൗതുകകരം.

കുടുംബത്തിന്റെ വോട്ട് നാലാം വാർഡിൽ ആയതു കൊണ്ടാണ് അതു തനിക്ക് ലഭിക്കാതിരുന്നതെന്ന് കാർത്തിക് പിന്നീട് പ്രതികരിച്ചു. ബിജെപി ടിക്കറ്റിലല്ല, സ്വതന്ത്രനായി കാർ ചിഹ്നത്തിലാണ് താൻ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാർത്തിക് നേടിയ ഒറ്റവോട്ട് ട്വിറ്ററിലും ട്രൻഡിങ്ങായി. #SingleVoteBJP എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് തോൽവിയുമായി ബന്ധപ്പെട്ട തമാശകളും മീമുകളും പങ്കുവച്ചത്. 




 


കവിയും സാമൂഹ്യപ്രവർത്തകയുമായ മീന കന്ദസ്വാമിയും വാർത്ത ട്വീറ്റ് ചെയ്തു. 'തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട്. വോട്ട് മറ്റുള്ളവർക്ക് നൽകാൻ തീരുമാനിച്ച കുടുംബത്തിലെ നാലു വോട്ടർമാരെ ഓർത്ത് അഭിമാനം' എന്ന കുറിപ്പോടെയാണ് അവർ വാർത്ത പങ്കുവച്ചത്. 



കോയമ്പത്തൂർ ജില്ലയിലെ ബിജെപി യൂത്ത് വിങ് ഡപ്യൂട്ടി സെക്രട്ടറിയാണ് ഡി കാർത്തിക്. പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ വരെ ഇദ്ദേഹം വാർഡിൽ പതിച്ചിരുന്നു. ആകെ 913 വോട്ടാണ് വാർഡിൽ പോൾ ചെയ്യപ്പെട്ടത്. വിജയിച്ച സ്ഥാനാർത്ഥിക്ക് 387 വോട്ടു കിട്ടി. രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥിക്ക് 240 വോട്ടും.

അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 27 വാർഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളിൽ 88ലും ഡിഎംകെ ജയിച്ചു. നാല് സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റിൽ ഒതുങ്ങി.

W1381 പഞ്ചായത്ത് വാർഡുകളിൽ 300എണ്ണത്തിൽ ഡിഎംകെ ജയിച്ചു. 11വാർഡുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളിൽ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.ഇവർ 13സീറ്റ് നേടി. ആകെ 27,003 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News