ആര്‍എസി ടിക്കറ്റുകാരോട് മുഴുവന്‍ തുക വാങ്ങുന്നത് അനീതി, പകുതി തുക തിരിച്ചുനല്‍കണം; റെയില്‍വേയോട് നിര്‍ദേശിച്ച് പാര്‍ലമെന്ററി സമിതി
കണ്‍ഫേം ടിക്കറ്റുകാര്‍ക്ക് ലഭിക്കുന്ന ബര്‍ത്ത് സൗകര്യം ആര്‍എസി വിഭാഗത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ആര്‍എസി ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് മുഴുവന്‍ തുക ഈടാക്കുന്നത് നീതീകരിക്കാനാകുന്നതല്ലെന്ന് പാര്‍ലമെന്ററി സമിതി. ആര്‍എസി ടിക്കറ്റുകാര്‍ക്ക് നിശ്ചിത തുക തിരിച്ചുനല്‍കുന്നത് പരിഗണിക്കണമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റെയില്‍വേയോട് നിര്‍ദേശിച്ചു. കണ്‍ഫേം ടിക്കറ്റുകാര്‍ക്ക് ലഭിക്കുന്ന ബര്‍ത്ത് സൗകര്യം ആര്‍എസി വിഭാഗത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒരു ബര്‍ത്ത് രണ്ട് യാത്രക്കാര്‍ പങ്കിടുന്ന രീതിയാണ് ആര്‍എസി (റിസര്‍വേഷന്‍ എഗയിന്‍സ്റ്റ് കാന്‍സലേഷന്‍). അതിനാല്‍, രണ്ട് യാത്രക്കാര്‍ ഒരു ബര്‍ത്തില്‍ ഇരുന്ന് യാത്രചെയ്യേണ്ടിവരും. എന്നാല്‍, കണ്‍ഫേം ടിക്കറ്റിന്റെ അതേ നിരക്ക് നല്‍കുകയും വേണം. ആര്‍എസി യാത്രക്കാരോട് മുഴുവന്‍ തുക വാങ്ങുന്നത് അനീതിയാണെന്ന് ട്രെയിന്‍ യാത്രികര്‍ കാലങ്ങളായി ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ആര്‍എസി വിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന യാത്രക്കാര്‍ക്ക് നിശ്ചിത തുക തിരികെ നല്‍കുന്ന സംവിധാനം റെയില്‍വേ നടപ്പാക്കണമെന്നാണ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരിക്കുന്നത്.
സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ വേഗതാ മാനദണ്ഡത്തില്‍ മാറ്റം വേണമെന്നും സമിതി നിര്‍ദേശിച്ചു. നിലവില്‍ മണിക്കൂറില്‍ കുറഞ്ഞത് 55 കിലോമീറ്റര്‍ എന്നതാണ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ വേഗക്രമം. ഇത് പുതിയകാലത്തിന് ചേര്‍ന്നതല്ല. 2007 മുതല്‍ വേഗതാ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ആഗോള മാനദണ്ഡമനുസരിച്ച് സൂപ്പര്‍ ഫാസ്റ്റിന്റെ വേഗത പുനഃക്രമീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.