പഞ്ചാബിലെ കർഷക രോഷത്തിൽ ഭയന്ന് ബി.ജെ.പി സ്ഥാനാർഥികൾ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ബി.ജെ.പിയുടെ പ്രചാരണ പരിപാടികൾ തടസ്സപ്പെടുന്നത് പതിവായി

Update: 2024-05-08 05:19 GMT
Advertising

ഛണ്ഡീഗഢ്: പഞ്ചാബിൽ കർഷക രോഷം ഭയന്ന് ബി.ജെ.പി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സ്വതന്ത്രമായി പ്രചാരണം നടത്താൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

കർഷകരുടെ ദില്ലി ചലോ മാർച്ചിനെ അടിച്ചമർത്തിയെങ്കിലും ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും തലവേദനയായി തുടരുകയാണ് കർഷകരുടെ പ്രതിഷേധം. പഞ്ചാബിലെ പാർട്ടി സ്ഥാനാർഥികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. പ്രചാരണ പരിപാടികൾ തടസ്സപ്പെടുന്നത് സ്ഥിരമായതോടെയാണ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ടഭ്യർഥിച്ചെത്തുന്ന സ്ഥാനാർഥികളോട് ജനങ്ങൾ കാട്ടുന്ന വൈകാരിക പ്രതികരണം കൈയ്യേറ്റത്തിലേക്ക് നീങ്ങുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥാനാർഥികളുടെ ജീവൻപോലും അപകടത്തിലാകുന്ന സാഹചര്യത്തിൽ പ്രചാരണം നടത്താൻ സുരക്ഷ ഒരുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരോഷം ആം ആദ്മി പാർട്ടി സൃഷ്ടിച്ചെടുത്തതാണെന്നാണ് ബി.ജെ.പിയുടെ വാദം. സ്ഥാനാർഥികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും നേതൃത്വം പറയുന്നുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ സമരം ചെയ്ത കർഷകൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. സുരേന്ദർ പാൽ സിങ് എന്ന കർഷകനാണ് മരിച്ചത്. ബി.ജെ.പി സ്ഥാനാർഥി പ്രണീത് കൗറിനെതിരെ നടത്തിയ പ്രതിഷേധത്തിൽ സുരേന്ദർ പാൽ സിങ്ങിന് പരിക്കേറ്റിരുന്നു. മരണത്തിൽ പ്രതിഷേധിച്ച് പഞ്ചാബിലെ രാജ്പുരയിൽ കർഷകർ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് കർഷകർ അറിയിക്കുകയും ചെയ്തിരുന്നു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ. അവർ ഇപ്പോൾ പട്യാലയിലെ ബി.ജെ.പി സ്ഥാനാർഥിയാണ്. ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പഞ്ചാബിലുടനീളം സമരം ചെയ്യുന്നുണ്ട്. ഈ സമരത്തിനിടയിലേക്ക് വന്ന പ്രണീത് കൗറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സുരേന്ദർ സിങ് കുഴഞ്ഞുവീണത്.

കർഷകരെ ഭീകരവാദികൾ എന്നാണ് ബി.ജെ.പി സ്ഥാനാർഥികൾ വിളിച്ചത്. അങ്ങനെയെങ്കിൽ ഭീകരവാദികളുടെ വോട്ട് ബി.ജെ.പിക്ക് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകരുടെ സമരം. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News