യു.പിയില്‍ ചരിത്ര വിജയമെന്ന് ബിജെപി; അക്രമം അഴിച്ചുവിട്ട് ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പ്രതിപക്ഷം

ആക്രമിക്കപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനും സ്ത്രീവോട്ടര്‍മാരും..

Update: 2021-07-11 07:16 GMT

ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പ്രമുഖ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയെന്ന് ബിജെപി. ബിജെപി 825ല്‍ 635 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങള്‍ നേടിയെന്നും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സംഖ്യ ഇനിയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. അതേസമയം അക്രമം നടത്തി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കല്ലേറ് മുതല്‍ ബോംബാക്രമണം വരെയുണ്ടായി. ഹാമിര്‍പൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ വടിയുമായി വന്ന് ആക്രമിച്ചെന്നും വോട്ടര്‍മാരെ തടഞ്ഞെന്നും സമാജ്‍വാദി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

Advertising
Advertising

ഹാഥ്റസില്‍ വെടിയേറ്റ എസ്.പി നേതാവ് ചികിത്സയിലാണ്. ചന്ദൌലിയില്‍ ബിജെപി - എസ്പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശിയാണ് ഇവരെ പിരിച്ചുവിട്ടത്. അയോധ്യ, പ്രയാഗ്‍രാജ്, അലിഗഡ് തുടങ്ങി 17 ജില്ലകളില്‍ അക്രമമുണ്ടായി. വോട്ടെടുപ്പിന് മുന്‍പുതന്നെ പലയിടത്തും അക്രമങ്ങളുണ്ടായി. പൊലീസ് യഥാസമയം നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ മുഖത്തടിച്ചെന്ന് ഒരു പൊലീസ് ഓഫീസര്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പലയിടത്തും നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ എസ്പി നേതാക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ ക്രൂര മര്‍ദനത്തിന് ഇരയാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

349ഓളം ബ്ലോക്ക് പഞ്ചായത്തുകളില്‍ ബിജെപിക്ക് എതിരില്ലായിരുന്നു. ബാക്കിയുള്ള 476 സീറ്റുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. സമാജ്‍വാദി പാര്‍ട്ടി 70 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. 95 സ്വതന്ത്രര്‍ വിജയിച്ചു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറെ നിര്‍ണായകമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. അക്രമം നടത്തി വോട്ടര്‍മാരെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ത്രീവോട്ടര്‍മാര്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടെന്ന് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും വിമര്‍ശിച്ചു. യു.പിയില്‍ ജംഗിള്‍രാജ് ആണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News