ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

അതേസമയം തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

Update: 2021-07-04 05:27 GMT
Editor : Nidhin | By : Web Desk
Advertising

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഉത്തർപ്രദേശിൽ അതിന് മുമ്പ് നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച ജയം.

75 സീറ്റിൽ 66 സീറ്റിലും ബിജെപി പിന്തുണച്ച സ്ഥാനാർഥികൾ വിജയിച്ചു. വാരണാസി, ഗോരഖ്പൂർ അടക്കം 21 സീറ്റിൽ എതിരില്ലാതെയാണ് ബിജെപി വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 53 സീറ്റിൽ 45 സീറ്റിലും ബിജെപി വിജയിക്കുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. നിരവധി വോട്ടർമാരെ തട്ടിക്കൊണ്ടുപോയെന്നും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും അഖിലേഷ് ആരോപിച്ചു. സമാജ്‌വാദി പാർട്ടിക്ക് വിജയിക്കാനായത് അഞ്ച് സീറ്റിൽ മാത്രമാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയും അമേത്തിയിലും വിജയിച്ചത് ബിജെപി പിന്തുണച്ച സ്ഥാനാർഥികളാണ്.

അപ്‌ന ദൾ (എസ്) പിന്തുണയുള്ള സ്ഥാനാർത്ഥി റിത പട്ടേൽ ജാൻപൂരിൽ തോൽവി ഏറ്റുവാങ്ങി. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയായ മാഫിയ-രാഷ്ട്രീയ നേതാവ് ധനഞ്ജയ് സിങ്ങിന്റെ ഭാര്യ ശ്രീകാല റെഡ്ഡി വിജയിയായി.

അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള പാർട്ടി സ്ഥാനാർഥി രാധിക പട്ടേൽ സോൺഭദ്രയിൽ നിന്ന് ജയ് പ്രകാശ് പാണ്ഡെ അലിയാസ് ചോഖൂർ പാണ്ഡെയെ പരാജയപ്പെടുത്തി വിജയിച്ചു.

വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ വിജയികളെ അനുമോദിച്ച് രംഗത്തെത്തി. 

നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു. 75 ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 60 സീറ്റും ബിജെപി നേടി. എസ്പിക്ക് ആറു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ നേടിയ 60 സീറ്റുകളിൽനിന്നാണ് എസ്പിയുടെ ഈ തകർച്ച. മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.



Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News