2023-24ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി; 87% വർധനവ്

പാർട്ടിയുടെ സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറഞ്ഞു

Update: 2025-01-28 03:33 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2023-24ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 87ശതമാനം വര്‍ധനവാണ് സംഭാവനയിലുണ്ടായത്. അതേസമയം പാർട്ടിയുടെ മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറയുകയും ചെയ്തു. 2023-2024 ലെ ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2022-2023ൽ 2,120.06 കോടി രൂപയിൽ നിന്ന് 2023-2024ൽ 3,967.14 കോടി രൂപയായി ബിജെപിക്ക് ലഭിച്ച സംഭാവനകൾ വർദ്ധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോർട്ട് പ്രകാരം 1,685.62 കോടി രൂപ ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ ബിജെപിക്ക് ലഭിച്ചു. അതായത് മൊത്തം സംഭാവനയുടെ 43%. 2022-2023ൽ പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ 1,294.14 കോടി രൂപ ലഭിച്ചിരുന്നു. അതായത് മൊത്തം സംഭാവനയുടെ 61%.

Advertising
Advertising

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് വർഷമായിരിക്കെ, പൊതുപ്രചാരണത്തിനായുള്ള ബിജെപിയുടെ ചെലവ് മുൻവർഷത്തെ 1,092.15 കോടി രൂപയിൽ നിന്ന് 1,754.06 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിൽ 591.39 കോടിയും പരസ്യങ്ങള്‍ക്കാണ് ചെലവഴിച്ചത്.

അതേസമയം സംഭാവനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയിലും വര്‍ധനവുണ്ട്. 2022-2023ൽ 268.62 കോടി രൂപയിൽ നിന്ന് 2023-2024ൽ 1,129.66 കോടി രൂപയായാണ് കോണ്‍ഗ്രസിന്റെ സംഭാവന വര്‍ധിച്ചത്. ഏകദേശം 320% വർദ്ധിച്ചതായാണ് കോൺഗ്രസിൻ്റെ വാർഷിക റിപ്പോർട്ടില്‍ പറയുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News