ഡിഎംകെ മന്ത്രിക്കെതിരെ അപകീർത്തി പോസ്റ്റ്; തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ

ഏപ്രിൽ ആറിനും 11നും ഇടയിലാണ് ഇയാൾ കേസിനാസ്പദമായ വിവാദ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.

Update: 2023-04-12 16:17 GMT
Advertising

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയെക്കുറിച്ച് സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ് എസ്. സെൽവകുമാറിനെ (42)യാണ് കോയമ്പത്തൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രി സെന്തിൽ ബാലാജിയെ ലക്ഷ്യമിട്ട് സെൽവകുമാർ 'ഗഞ്ച ബാലാജി' എന്ന പ്രയോഗം നടത്തിയെന്നായിരുന്നു പരാതി. ​ഗണപതിപുദൂർ സ്വദേശിയായ ‌‌ഡിഎംകെ പ്രവർത്തകൻ സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ശെൽവകുമാറിനെ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ ആറിനും 11നും ഇടയിലാണ് ഇയാൾ കേസിനാസ്പദമായ വിവാദ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഐപിസി 505 (1) (ബി), ഐ.ടി ആക്ടിലെ 66 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ നാലാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് ആർ. ശരവണ ബാബു ഏപ്രിൽ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, അറസ്റ്റിനെതിരെ ബിജെപി രം​ഗത്തെത്തി. മുൻകൂർ വിവരം നൽകാതെയാണ് സെൽവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ബാലാജി ഉത്തമരാമസാമി ആരോപിച്ചു. പൊലീസ് ഇത്തരം നടപടികൾ അവസാനിപ്പിക്കണം. ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയാണെന്നും ഇതിനെ അപലപിക്കുന്നതായും ഉത്തമരാമസാമി പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News