Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയുടെ പേര് മഹർഷി ഗൗതമിന്‍റെ പേരിലേക്ക് മാറ്റണമെന്ന് ബൻസ്ദിഹിൽ നിന്നുള്ള ബിജെപി എംഎൽഎ കേതകി സിംഗ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനം വീണ്ടെടുക്കുന്നതിനായി 'അധിനിവേശക്കാരുമായി' ബന്ധപ്പെട്ട പേരുകൾ നീക്കം ചെയ്ത് മഹാനായ ഇന്ത്യൻ വ്യക്തികളുടെ പേരുകൾ നൽകണമെന്ന് അവർ പറഞ്ഞു.
ബൻസ്ദിഹിലെ തന്റെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേതകി സിംഗ് പറഞ്ഞു.
'നമ്മുടെ അപമാനകരമായ കാലത്തെ ഓർമ്മിപ്പിക്കുന്ന, അധിനിവേശക്കാരെ മഹത്വപ്പെടുത്താനും അവരെ സ്തുതിക്കാനും സൂക്ഷിച്ചിരിക്കുന്ന എല്ലാ പേരുകളും നീക്കം ചെയ്യണം.' കേതകി സിംഗ് പറഞ്ഞു. ഇത്തരം നടപടികൾ യുവാക്കളെ പ്രചോദിപ്പിക്കുമെന്നും അവർ വാദിച്ചു. 'പേര് മാറ്റുന്നത് വരും തലമുറക്ക് പ്രചോദനമാകും. ചരിത്രം മറക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ഭാവി കെട്ടിപ്പടുക്കാൻ കഴിയും? നിങ്ങളുടെ ഉത്ഭവം മറന്നാൽ, നിങ്ങൾക്ക് ഒരിക്കലും ഒരു ഭാവി കെട്ടിപ്പടുക്കാൻ കഴിയില്ല.' കേതകി സിംഗ് കൂട്ടിച്ചേർത്തു.
ചില ചരിത്ര ഭരണാധികാരികളെ എങ്ങനെ ഓർമിക്കുന്നുവെന്നും സിംഗ് ചോദ്യം ചെയ്തു. 'അക്ബർ മഹാനായിരുന്നുവെന്ന് നമ്മൾ വായിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മൃതദേഹങ്ങളിൽ അത് എഴുതിയിരിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ മഹത്വം ഉണ്ടായിരുന്നു.' അവർ അഭിപ്രായപ്പെട്ടു.