മുംബൈ: മഹാരാഷ്ട്രയിലെ ശനി വാർവാഡ കോട്ടക്ക് മുന്നില്‍ മുസ്‍ലിം സ്ത്രീകള്‍ നമസ്കരിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ സ്ഥലത്ത് ബിജെപി എംപി മേധ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി .
ശനിവാർവാഡ ഒരു ചരിത്ര സ്ഥലമാണെന്നും ആരെങ്കിലും ഇവിടെ വന്ന് നമസ്‌കാരം ചെയ്താൽ ഞങ്ങൾ അത് സഹിക്കില്ലെന്നും കുൽക്കർണി എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. "ശനിവാർവാഡ എ.എസ്.ഐ.യുടെ സംരക്ഷിത ചരിത്ര സ്മാരകമാണ്. ഛത്രപതി ശിവാജി മഹാരാജ് സ്ഥാപിച്ച ഹിന്ദവിസ്വരാജ്യത്തിന്റെ പ്രതീകമാണിത്. ഇവിടെ ആരെയും നമസ്‌കരിക്കാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല. അതൊരു പള്ളിയല്ല," അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ, സംസ്ഥാന ബിജെപി മേധാവി രവീന്ദ്ര ചവാൻ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.
അതേസമയം,എംപിയുടെ നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് അവർക്കെതിരെ കേസെടുക്കണമെന്ന് എൻസിപി വക്താവ് രൂപാലി തോംബ്രെ ആവശ്യപ്പെട്ടു.
"പൂനയിൽ ഹിന്ദു-മുസ്‍ലിം വിഷയം ഉന്നയിച്ച് പ്രശ്നങ്ങളുണ്ടാക്കാനാണ് മേധ കുല്‍ക്കര്‍ണി ശ്രമിക്കുന്നതെന്നും അതേസമയം രണ്ട് സമുദായങ്ങളും ഇവിടെ ഐക്യത്തോടെ ജീവിക്കുന്നുണ്ടെന്നും തോംബ്രെ പറഞ്ഞു. ശനിവർ വാഡ ഏതെങ്കിലും ഒരു ഗ്രൂപ്പിനോ മതത്തിനോ വേണ്ടിയുള്ളതല്ലെന്നും എല്ലാ പൂനക്കരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ബിജെപി എംപിയുടെ ശുദ്ധീകരണ പ്രതിഷേധത്തിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്തും രംഗത്തെത്തി. അവർ എന്തിനാണ് ശനിവാർ വാഡയെ ഒരു തീർത്ഥാടന കേന്ദ്രമായി കണക്കാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
"ശനിയാഴ്ച ശനിവാർ വാഡയിൽ മുസ്‍ലിം സ്ത്രീകൾ നമസ്‌കാരം നടത്തി,ഇതിന് പിന്നാലെ ബിജെപിക്കാർ ഗോമൂത്രം തളിച്ചു. ശനിവാർ വാഡ അവർക്ക് തീർത്ഥാടന കേന്ദ്രമായി തോന്നുന്നുണ്ടോ? അവിടെ ഇരുന്ന് ജപം ചൊല്ലുന്നതിൽ നിന്ന് ആരെങ്കിലും നിങ്ങളെ തടഞ്ഞോ?" സച്ചിൻ സാവന്ത് ചോദിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അബു അസിം ആസ്മിയും സംഭവത്തെ അപലപിച്ചു.
അതേസമയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയിൽ നമസ്കരിച്ച അജ്ഞാതരായ സ്ത്രീകളുടെ സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.