''നേരത്തെ ബിജെപിക്ക് പ്രിയപ്പെട്ടയാള്‍; ഇപ്പോള്‍ നികുതി വെട്ടിപ്പുകാരന്‍'' -സോനു സൂദിന്റെ വസതിയിലെ ഇ.ഡി റെയ്ഡില്‍ വിമര്‍ശനവുമായി ശിവസേന

കോവിഡിനിടെ സോനു സൂദ് ചെയ്യുന്നത് എന്തുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ചെയ്യാനാകുന്നില്ലെന്നു പറഞ്ഞാണ് അന്ന് ബിജെപി അദ്ദേഹത്തെ പ്രശംസിച്ചത്- ശിവസേന മുഖപത്രം 'സാംന'യിലെ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചു

Update: 2021-09-17 09:48 GMT
Editor : Shaheer | By : Web Desk
Advertising

നടന്‍ സോനു സൂദിന്റെ വീട്ടില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വിമര്‍ശനവുമായി ശിവസേന. മുന്‍പ് ബിജെപിക്ക് പ്രിയപ്പെട്ടയാളായ നടനെത്തന്നെയാണ് ഇപ്പോള്‍ നികുതി വെട്ടിപ്പുകാരനായി അവതരിപ്പിക്കുന്നതെന്ന് സേന കുറ്റപ്പെടുത്തി. ശിവസേനയുടെ മുഖപത്രമായ 'സാംന'യിലെ മുഖപ്രസംഗത്തിലാണ് സോനു സൂദിനെതിരെ നടക്കുന്ന വേട്ടയില്‍ വിമര്‍ശനമുള്ളത്.

സോനു സൂദിനെതിരായ നടപടി ബിജെപിയെ തന്നെ തിരിച്ചടിക്കുന്ന നീക്കമാണ്. നേരത്തെ ലോക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടനെ പ്രശംസിച്ചവരാണ് ബിജെപി നേതാക്കള്‍. എന്നാല്‍, സാമൂഹികപ്രവര്‍ത്തന രംഗത്ത് താരം ഇപ്പോള്‍ ഡല്‍ഹി, പഞ്ചാബ് സര്‍ക്കാരുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് നികുതി വെട്ടിപ്പ് ആരോപിച്ച് നടപടി ആരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഏറ്റവും വലിയ മനസുമുണ്ടാകേണ്ടതുണ്ട്-സാംന മുഖപ്രസംഗത്തില്‍ പറയുന്നു.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ അഥിതി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിച്ചും ആവശ്യക്കാര്‍ക്ക് ഭക്ഷണവും അഭയസ്ഥാനവുമെല്ലാം ഒരുക്കിക്കൊടുത്തും പാവങ്ങളുടെ രക്ഷകനായി സോനു സൂദ് മാധ്യമശ്രദ്ധ നേടിയിരുന്നു. സോനു സൂദ് ചെയ്യുന്നത് എന്തുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ചെയ്യാനാകുന്നില്ലെന്നു പറഞ്ഞാണ് അന്ന് ബിജെപി അദ്ദേഹത്തെ പ്രശംസിച്ചത്. തങ്ങളുടെ സ്വന്തം ആളായാണ് താരത്തെ ബിജെപി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിപാടികളുടെ ബ്രാന്‍ഡ് അംബാസഡറായതോടെ ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരിക്കുകയാണ്-മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസവും മുംബൈയിലെ സോനു സൂദിന്റെ വസതിയില്‍ ഇഡിയുടെ റെയ്ഡ് തുടരുകയാണ്. സോനു സൂദിന്റെ കമ്പനിയും ലഖ്‌നൗ കേന്ദ്രമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും തമ്മില്‍ അടുത്തിടെയുണ്ടായ കരാറിലാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News