സ്വച്ഛ് ഭാരത് അടക്കമുള്ള പദ്ധതികളുടെ പേരിൽ ബിജെപിയുടെ പാർട്ടി ഫണ്ട് പിരിവ്; റിപ്പോർട്ട് പുറത്ത്
പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ കേന്ദ്ര മന്ത്രാലയത്തിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് സർക്കാർ പദ്ധതികളുടെ പേരുപയോഗിച്ച് ഭാരതീയ ജനതാ പാർട്ടി സംഭാവനകൾ സ്വീകരിച്ചതെന്ന് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നു
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി 2021-22 സാമ്പത്തിക വർഷത്തിൽ പൊതുജനങ്ങളിൽ നിന്ന് പാർട്ടിയുടെ ഫണ്ടിലേക്ക് സംഭാവനകൾ സ്വരൂപിക്കാൻ സർക്കാർ പദ്ധതികളുടെ പേരുകൾ നിയമവിരുദ്ധമായി ഉപയോഗിച്ചതായി കണ്ടെത്തൽ. ചെന്നൈ ആസ്ഥാനമായുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ. അരവിന്ദാക്ഷൻ സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് ലഭിച്ച മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കിസാൻ സേവ തുടങ്ങിയ ദേശീയതലത്തിലുള്ള ക്ഷേമപദ്ധതികളുടെ പേര് ഉപയോഗിച്ചാണ് ബിജെപി ധനസമാഹരണം നടത്തിയത്.
സത്യം ടിവി എന്ന ചാനലിന്റെ ന്യൂസ് എഡിറ്ററായ അരവിന്ദാക്ഷൻ നൽകിയ വിവരാവകാശത്തിലാണ് സർക്കാർ പദ്ധതികൾ പാർട്ടി ഫണ്ട് സമാഹരണത്തിനായി ഉപയോഗിച്ചെന്ന കണ്ടെത്തലുള്ളത്. 2021 ഡിസംബറിനും 2022 ഫെബ്രുവരി മാസത്തിനും ഇടയിലാണ് ബിജെപി ഇത്തരത്തിൽ ഫണ്ട് സമാഹരണ കാമ്പയിൻ നടത്തിയത്. narendramodi.in, നമോ ആപ്പ് തുടങ്ങിയ സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ബിജെപി സംഭാവനകൾ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ കേന്ദ്ര മന്ത്രാലയത്തിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് സർക്കാർ പദ്ധതികളുടെ പേരുപയോഗിച്ച് ഭാരതീയ ജനതാ പാർട്ടി സംഭാവനകൾ സ്വീകരിച്ചതെന്ന് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നു.
സംഭാവന നൽകാനായി ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചവരോട് സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കിസാൻ സേവ എന്നീ മൂന്ന് സർക്കാർ പദ്ധതികളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, സംഭാവന നൽകുന്നതിനുള്ള കാരണമായി 'പാർട്ടി ഫണ്ട്' എന്നും പ്രത്യേകം രേഖപ്പെടുത്താൻ പറയുന്നതായി ദ വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഈ സർക്കാർ പദ്ധതികളുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് ധനം പിരിക്കുന്നതിന് ബിജെപിക്ക് യൂണിയൻ മന്ത്രാലയങ്ങളിൽ നിന്നോ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നോ പ്രത്യേക അനുമതിയോ ഔദ്യോഗിക അംഗീകാരമോ ലഭിച്ചിട്ടില്ല എന്ന് വിവരാവകാശ മറുപടികൾ സ്ഥിരീകരിക്കുന്നു. പണം ശേഖരിക്കാൻ തങ്ങളുടെ പദ്ധതികളുടെ പേര് ഉപയോഗിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അനുമതി നൽകിയിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ മറുപടി.
വാജ്‌പേയ്‌യുടെ ജന്മദിനത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനെന്ന് പറഞ്ഞ് 2021 ഡിസംബർ 25ന് പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ രാജ്യത്തൊട്ടാകെ മൈക്രോ-ഡൊണേഷൻ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടി അംഗങ്ങളിൽ നിന്നും ചെറിയൊരു തുക സംഭവനയായി സ്വീകരിക്കാനെന്ന് പറഞ്ഞ് ആരംഭിച്ച കാമ്പയിൻ ദീൻ ദയാൽ ഉപാധ്യായയുടെ മരണ ദിനമായ ഫെബ്രുവരി 11ന് അവസാനിക്കുമെന്നും നദ്ദ വ്യക്തമാക്കിയിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനും പാർട്ടി പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് സംഭാവനയെന്നാണ് നദ്ദ പറഞ്ഞതെങ്കിലും പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ താത്പര്യമില്ലാത്തവരോട് സർക്കാർ പദ്ധതികളിലേക്ക് സംഭാവന ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഇതേ ദിവസം തന്നെ, ഫണ്ടിലേക്ക് സംഭാവനയാവശ്യപ്പെട്ട് നരേന്ദ്ര മോദിയും എക്‌സിൽ പോസ്റ്റിട്ടിരുന്നു.
മാധ്യമപ്രവർത്തകനായ അരവിന്ദാക്ഷനും ഈ പ്ലാറ്റ്‌ഫോമിലൂടെ സർക്കാർ പദ്ധതികളിലേക്ക് സംഭാവന നൽകിയിരുന്നു. ഇതിന്റെ രസീത് ബിജെപിയുടെ ഓഫീസിൽ നിന്നും ഇമെയിൽ വഴി ലഭിക്കുകയും ചെയ്തു. എന്നാൽ, സംഭാവന നൽകിയവർക്ക് ലഭിച്ച രസീതുകൾ പരിശോധിച്ചപ്പോഴാണ് ഈ പണം ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര ഓഫീസാണ് കൈപ്പറ്റിയത് എന്ന് വ്യക്തമായത്.
ഇതിന് പിന്നാലെ നൽകിയ വിവരാവകാശത്തിലാണ് ഇത്തരത്തിൽ ഫണ്ട് സ്വീകരിക്കാൻ ബിജെപിക്ക് അനുമതിയില്ലെന്ന കാര്യം പുറത്തുവന്നത്. അനുമതിയില്ലെന്ന കാര്യം സ്വച്ഛ് ഭാരത് മിഷനും വനിതാ ശിശു വികസന മന്ത്രാലയവും സ്ഥിരീകരിച്ചെങ്കിലും കാർഷിക വകുപ്പും, കർഷക ക്ഷേമ സഹകരണ വകുപ്പും തുടക്കത്തിൽ പ്രതികരിക്കാൻ തയാറായില്ല. പിന്നീട് ഈ മൂന്ന് പ്രധാന മന്ത്രാലയങ്ങളും ബിജെപി നടത്തിയ മൈക്രോ ഡൊണേഷൻ കാമ്പയിന് കേന്ദ്ര സർക്കാരോ മറ്റ് സർക്കാർ സ്ഥാപനങ്ങളോ അനുമതി നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
അരവിന്ദാക്ഷൻ ഇതോടൊപ്പം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൽ നമോ ആപ്പിന്റെയും narendramodi.inന്റെയും നിയമപരമായ സാധുതയെക്കുറിച്ച് 16 ചോദ്യങ്ങൾ ഉൾപ്പെടുത്തി വിവരാവകാശ അപേക്ഷ നൽകി. എന്നാൽ, അദ്ദേഹത്തിന്റെ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 'ആവശ്യപ്പെട്ട വിവരങ്ങൾ ഈ ഓഫീസിന്റെ രേഖകളിൽ ഉൾപ്പെടുന്നതല്ല' എന്നായിരുന്നു പിഎംഒയുടെ മറുപടി.
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാൻ നിയമപരമായ മാർഗങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, രാജ്യത്തിന്റെ സാമൂഹിക ക്ഷേമത്തിനായി ഉദ്ദേശിച്ചുള്ള പദ്ധതികളുടെ പേരുകൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ബിജെപിക്കെതിരെ ഉയർന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബിജെപിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.