'അയാളെന്നെ ചതിച്ചു, പീഡിപ്പിച്ചു'; 17കാരിയുടെ മരണത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കീടനാശിനി കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ജനുവരി 14നായിരുന്നു മരണം.

Update: 2023-01-16 10:32 GMT

ബെം​ഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. കർണാടക ചിക്കമം​ഗളുരു ജില്ലയിലെ കുദ്രെമുഖ് സ്വദേശി നിതേഷ് (25) ആണ് അറസ്റ്റിലായത്. 17കാരിയായ പ്രീ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തന്റെ മരണത്തിന് കാരണം നിതേഷ് ആണെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കീടനാശിനി കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ജനുവരി 14നായിരുന്നു മരണം.

താനുമായി പ്രണയത്തിലാണെന്ന് നിതേഷ് കള്ളം പറയുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇയാൾ തന്നെ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായും 17കാരി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Advertising
Advertising

ജനുവരി 10ന് കീടനാശിനി കഴിച്ച് അവശനിലയിലായ പെൺകുട്ടിയെ മം​ഗളുരുവിലെ എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, മകളുടെ മരണത്തിനു കാരണക്കാരനായ നിതേഷിനെതിരെ പരാതി നൽകിയിട്ടും കുദ്രെമുഖ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്നാണ് പ്രതിക്കെതിരെ കേസെടുക്കാൻ തയാറായത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിതേഷും പെൺകുട്ടിയും വഴക്കുണ്ടാവുകയും തുടർന്ന് യുവാവ് അവളുടെ ഫോൺ എടുക്കുന്നത് നിർത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News