ഉവൈസി വലിയ നേതാവ്, വെല്ലുവിളി ഏറ്റെടുക്കുന്നു: യോഗി ആദിത്യനാഥ്

നിയമസഭയിൽ മുന്നൂറിലേറെ സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന് യോഗി

Update: 2021-07-04 04:37 GMT
Editor : abs | By : Web Desk
Advertising

ലഖ്‌നൗ: ബിജെപിയെ അധികാരത്തിലെത്തിക്കില്ലെന്ന അസദുദ്ദീൻ ഉവൈസിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉവൈസി രാജ്യത്തെ വലിയ നേതാവാണ് എന്നും ബിജെപിയെ അദ്ദേഹം വെല്ലുവിളിച്ചിട്ടുണ്ട് എങ്കിൽ അത് സ്വീകരിക്കുന്നുവെന്നും യോഗി പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ മികച്ച വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഉവൈസി നമ്മുടെ രാജ്യത്തെ വലിയ നേതാവാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ട് എങ്കിൽ പാർട്ടി പ്രവർത്തകർ അത് സ്വീകരിക്കുന്നു. 2022ൽ ബിജെപി യുപിയിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ ഒരു സംശയവുമില്ല' - എന്നായിരുന്നു യോഗിയുടെ വാക്കുകൾ.

നിയമസഭയിൽ മുന്നൂറിലേറെ സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഫലമായാണ് ജില്ലാ പഞ്ചായത്തിലെ മികച്ച വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 75 ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ സീറ്റുകളിൽ 67ലും ബിജെപിയാണ് സ്വന്തമാക്കിയിരുന്നത്.

സംസ്ഥാനത്ത് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കില്ലെന്ന് ഒരു പാർട്ടി റാലിയിലാണ് ഈയിടെ ഉവൈസി പറഞ്ഞിരുന്നത്. 'യോഗി ആദിത്യനാഥിനെ ഒരിക്കൽക്കൂടി യുപി മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ല. നമ്മൾ അധ്വാനിച്ചാൽ എല്ലാം സാധ്യമാണ്.' - എന്നായിരുന്നു എഐഎംഐഎം അധ്യക്ഷന്റെ വാക്കുകൾ.

നൂറു സീറ്റിൽ മത്സരിക്കും

സംസ്ഥാനത്ത് നൂറു നിയമസഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് എഐഎംഐഎമ്മിന്റെ ആലോചന. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് യുപിയിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരരംഗത്തുണ്ടാകുക.

'ഞങ്ങൾക്ക് ഒരു അജണ്ടയേയുള്ളൂ. അത് മുസ്ലിംകളുടെ വികസനമാണ്. ഞങ്ങൾ മറ്റുള്ളവർക്ക് എതിരാണ് എന്ന് അതിനർത്ഥമില്ല. സ്ഥാനാർത്ഥികളുടെ സ്‌ക്രീനിങ് ആരംഭിച്ചിട്ടുണ്ട്. മുസ്ലിംകൾ മാത്രമായിരിക്കില്ല സ്ഥാനാർത്ഥികൾ' - എന്നാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് എംഐഎം സംസ്ഥാന പ്രസിഡണ്ട് ഷൗകത്ത് അലി പറയുന്നത്.

2017ലെ തെരഞ്ഞെടുപ്പിൽ 37 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നെങ്കിലും കാര്യമായ സ്വാധീനം ചെലുത്താൻ പാർട്ടിക്കായിരുന്നില്ല. 0.2 ശതമാനം വോട്ടുകൾ മാത്രമാണ് എംഐഎമ്മിന് ലഭിച്ചിരുന്നത്. മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശും പാർട്ടിക്ക് നഷ്ടമായിരുന്നു. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

കൂടുതൽ വോട്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ചെറുകക്ഷികളുമായി ഉവൈസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ ലഖ്നൗവിലെത്തിയ വേളയിൽ ബിജെപി മുൻ സഖ്യകക്ഷി സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി മേധാവി ഓം പ്രകാശ് രാജ്ഭറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ചെറുകക്ഷികളുടെ കൂട്ടായ്മയായ ഭഗിദാരി സങ്കൽപ്പ് മോർച്ചയിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News