രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം മന്ദഗതിയിൽ: സ്വീകരിച്ചത് നാല് ശതമാനം ആളുകൾ മാത്രം

അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിൽ പതിനെട്ട് വയസിന് മുകളിലുള്ള വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളു.

Update: 2022-05-29 02:42 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം മന്ദഗതിയിൽ തുടരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച നാല് ശതമാനം ആളുകൾ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസെടുത്തത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിൽ പതിനെട്ട് വയസിന് മുകളിലുള്ള വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളു.

കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചത്. ജനുവരിയില്‍ 60 വയസിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖമില്ലാത്തവർക്കും മുൻനിര പോരാളികൾക്കും കരുതൽ ഡോസ് നൽകി തുടങ്ങി. ഏപ്രിൽ പത്തിനാണ് 18 വയസിന് മുകളിലുള്ളവർക്കുള്ള കരുതൽ വാക്സിനേഷൻ ആരംഭിച്ചത്. എന്നിട്ടും വാക്സിനേഷൻ മന്ദഗതിയിൽ തുടരുകയാണ്. 82,65,49,542 പേർ രാജ്യത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചപ്പോൾ അതിന്റെ 4.15 ശതമാനം ആളുകൾ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്. അതായത് 3,43,25,809 പേർ.

പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോഴും പല സംസ്ഥാനങ്ങളിലെയും കണക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. മണിപ്പൂരിലും,മേഘാലയയിലും 12 പേരാണ് ഇന്നലെ വരെ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചത്.അരുണാചൽപ്രദേശിലാകട്ടെ രണ്ട് പേർ മാത്രം. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ 18 വയസിന് മുകളിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തിൽ പതിനെട്ട് വയസിന് മുകളിലുള്ള 53,143 പേരാണ് ഇതുവരെ കരുതൽ ഡോസെടുത്തത്. 

60 വയസിനു മുകളിലുള്ളവും മുൻനിര പോരാളികളും ഉൾപ്പെടെ 16,80,891 പേരും കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, യുപി, ബിഹാർ സംസ്ഥാനങ്ങളിലാണ് കൂടുതൽ ആളുകൾ കരുതൽ ഡോസെടുത്തത്. വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്രം നിർദേശിക്കുമ്പോഴും കണക്കുകൾ ശുഭസൂചനയല്ല നൽകുന്നത്. 

കോവിഡ് തരംഗം കുറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകരും,പൊതുജനങ്ങളും നേരത്തെ സ്വീകരിച്ചിരുന്ന മുന്‍കരുതല്‍ നടപടികളില്‍ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്. ബൂസ്റ്റര്‍ ‍‍ഡോസ് എടുക്കുന്നവരുടെ എണ്ണം കുറയാന്‍ ഇതൊരു പ്രധാനകാരണമാണ്. വീണ്ടും തരംഗസാധ്യത നിലനില്ക്കുന്നത് കൊണ്ട് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള പ്രചാരണങ്ങള്‍ വീണ്ടും ശക്തമാക്കേണ്ടി വരും.  

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News