'700 രൂപക്ക് ഥാർ വാങ്ങണം'; കുരുന്നിന്‍റെ 'കുഞ്ഞ്' ആഗ്രഹത്തിന് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ഥാറിന്റെയും എക്സ്യുവി 700ന്റെയും ചൈൽഡ് ബ്രാൻഡ് അംബാസഡറായി ചീക്കുവിനെ പരിഗണിക്കാമെന്നായിരുന്നു ഒരാളുടെ കമന്‍റ്

Update: 2023-12-24 14:15 GMT
Editor : Lissy P | By : Web Desk

സോഷ്യൽമീഡിയിൽ കുട്ടികളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. കളങ്കമില്ലാതെ അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം സോഷ്യൽമീഡിയയിൽ നിരവധി പേരുടെ മനസ് കീഴടക്കാറുണ്ട്. 700 രൂപക്ക് മഹീന്ദ്ര ഥാർ വാങ്ങണമെന്ന ഒരു കുഞ്ഞിന്റെ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നോയിഡയിലെ ചീക്കു യാദവ് എന്നുപേരുള്ള കുട്ടി അച്ഛനോട് സംസാരിക്കുമ്പോഴായിരുന്നു തന്റെ ഉള്ളിലെ 'ചെറിയൊരു ആഗ്രഹം' അവൻ പങ്കുവെച്ചത്.

ഇപ്പോഴിതാ സാക്ഷാൽ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. നിന്റെ ആഗ്രഹം സാധിച്ചാൽ ഞങ്ങൾ പാപ്പരാകുമെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. 'ഐ ലവ് യു ചീക്കു, എന്ന് പറഞ്ഞ് എന്റെ സുഹൃത്താണ് ഈ വീഡിയോ പങ്കുവെച്ചത്.അവന്റെ ചില വീഡിയോകളും ഞാൻ ഇൻസ്റ്റഗ്രാമിൽ കണ്ടു. ഇപ്പോൾ ഞാനും അവനെ സ്‌നേഹിക്കുന്നു. എന്നാൽ പ്രശ്‌നം എന്താണെന്നുവെച്ചാൽ അവൻ പറയുന്ന പോലെ 700 രൂപക്ക് ഥാർ വിറ്റാൽ നമ്മൾ ഉടൻ പാപ്പരാകും...' ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.

Advertising
Advertising

ഇൻസ്റ്റഗ്രാമിൽ ചീക്കുവിന്റെ വീഡിയോ ഏഴുലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടുകഴിഞ്ഞു. ഒരു മിനിറ്റും 29 സെക്കന്റുമുള്ള വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചീക്കുവിന്റെ ആഗ്രഹം സത്യമാകട്ടെയെന്നും എന്നിട്ട് വേണം എനിക്കും രണ്ട് ഥാർ വാങ്ങണം, ഒന്ന് എനിക്കും മറ്റൊന്നും ഭാര്യക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. അവന്റെ നിഷ്‌കളങ്കമായ സംസാരം കേട്ടാൽ ആരായാലും ഈ രണ്ട് കാറുകളും ബുക്ക് ചെയ്തുപോകും. ഥാറിന്റെയും എക്സ്യുവി 700ന്റെയും ചൈൽഡ് ബ്രാൻഡ് അംബാസഡറായി ചീക്കുവിനെ പരിഗണിക്കാമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News