ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കൊല: വിധി നിരാശാജനകമെന്ന് ബൃന്ദ കാരാട്ട്
‘അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ല’
ന്യൂഡൽഹി: കൊൽക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊല കേസിലെ വിധി നിരാശാജനകമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ലെന്നും സിബിഐയുടെ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വധശിക്ഷയുടെ കാര്യത്തിൽ സിപിഎമ്മും മറ്റു പല സംഘടനകളും പ്രശ്നങ്ങൾ ഉയർത്തിയിട്ടുണ്ട്. അത് തത്വത്തിൽ ഒരു നിലപാടാണ്. പക്ഷെ, ഇതുപോലുള്ള ഒരു കേസിൽ അത് പ്രയോഗിക്കാൻ കഴിയില്ല. കേരളത്തിൽ ഒരു പെൺകുട്ടിയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നു. പക്ഷെ, ബംഗാളിലെ കേസിൽ പറയുന്നത് അപൂർവങ്ങളിൽ അപൂർവമല്ല എന്നാണ്. ഇത് എന്തുകൊണ്ടാണ് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേസില്‍ പ്രതിയായ സഞ്ജയ് റോയിക്ക് ആജീവനാന്ത ജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അന്‍പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി തള്ളി.