തെലങ്കാനയില്‍ ദര്‍ഗ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധം; ബിആർഎസ് മുൻ എംഎൽഎ അറസ്റ്റിൽ
റോഡ് വീതി കൂട്ടുന്നതിനായി മുനിസിപ്പൽ അധികൃതർ മൂന്ന് ശ്മശാനങ്ങളും ദർഗയും പൊളിച്ചുമാറ്റിയിരുന്നു
Update: 2025-09-26 09:35 GMT
ഹൈദരാബാദ്: തെലങ്കാനയില്‍ റോഡ് വീതി കൂട്ടലിനിടെ പൊളിച്ചുമാറ്റിയ ശ്മശാനവും ദർഗയും സന്ദർശിക്കാൻ പോയ ബിആർഎസ് മുൻ എംഎൽഎ പി.നരേന്ദർ റെഡ്ഡി അറസ്റ്റില്‍. വ്യാഴാഴ്ചയാണ് നരേന്ദർ റെഡ്ഡിയെ വികാരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
റോഡ് വീതി കൂട്ടുന്നതിനായി മുനിസിപ്പൽ അധികൃതർ മൂന്ന് ശ്മശാനങ്ങൾ, അശൂർഖാന, ദർഗ എന്നിവ പൊളിച്ചുമാറ്റിയിരുന്നു. കൊടങ്ങലിലേക്ക് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കൾ പ്രതിഷേധ മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നു.
ബിആർഎസ് പാർട്ടിയിലെ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചിലരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. കൊടംഗൽ നിയോജകമണ്ഡലത്തിലെ മുൻ എംഎൽഎ പി നരേന്ദർ റെഡ്ഡിയെ ദാദ്യാൽ ഗേറ്റിൽ വെച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.