ബിടെക് ബിരുദധാരി, തലയ്ക്ക് വില 1.5 കോടി: ആരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ബസവ രാജു

മൂന്ന് പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ആദ്യമായാണ് ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത്

Update: 2025-05-22 08:14 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 72 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ സുരക്ഷാ സേന വധിച്ചത് 27 മാവോയിസ്റ്റുകളെ. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവ രാജു (നംബാല കേശവ റാവു) അടക്കം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മൂന്ന് പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ആദ്യമായാണ് ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത്. ബസവ രാജുവിനെ വധിച്ചുവെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ സ്ഥിരീകരിക്കുകയും ചെയ്തു. ബസ്തർ ഡിവിഷനിൽ ഉൾപ്പെടുന്ന നാരായൺപുർ ജില്ലയിലെ അബുജ്മർഗ് വനമേഖലയാണ് വൻ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചത്.

ആരാണ് ബസവ രാജു 

Advertising
Advertising

സുരക്ഷാ സേന തലയ്ക്ക് 1.5 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവാണ് ബസവ രാജു. 2018 മുതല്‍ ഔദ്യോഗികമായി മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.  കോളജിലെ വിദ്യാർഥി യൂണിയന്‍ നേതാവില്‍ നിന്ന് പാര്‍ട്ടി തലപ്പത്തേക്കുള്ള ബസവ രാജുവിന്‍റെ വളര്‍ച്ച വളരെ വേഗമായിരുന്നു.

ആന്ധ്രപ്രദേശിലെ ശ്രീകാകുളമാണ് നംബാല കേശവ റാവു എന്ന ബസവ രാജുവിന്‍റെ ജന്മസ്ഥലം. വാറംഗലിലെ റീജ്യനൽ എൻജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് റാഡിക്കൽ സ്റ്റുഡന്റ് യൂണിയന്റെ ബാനറില്‍ ബസവ രാജു മത്സരിക്കുന്നത്. 1980 കളോടെ വിദ്യാർഥി സംഘടനയുടെ അവിഭാജ്യ ഘടകമായി ബസവ രാജു മാറി. ബിടെക് ബിരുദ ധാരിയാണ് രാജു.

മാവോയിസ്റ്റുകളുടെ കേന്ദ്ര സൈനിക കമ്മീഷന്റെ (സിഎംസി) കമാൻഡർ ഇൻ ചീഫ് ആയിരുന്നു  ബസവ രാജു.  കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ സുരക്ഷാ സേനയ്‌ക്കെതിരായ നേരിട്ടും അല്ലാതെയുമുള്ള എല്ലാ ആക്രമണങ്ങളുടെയും ഉത്തരവാദി ഇദ്ദേഹമെന്നാണ് പറയപ്പെടുന്നത്.  സേനാംഗങ്ങള്‍ക്കു സായുധ പരിശീലനം നല്‍കുന്നതിലും സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ബസവ രാജുവാണ് ചുക്കാന്‍ പിടിച്ചിരുന്നത്.

പ്രകാശ്, കൃഷ്ണ, വിജയ്, ഉമേഷ്, കാമലു തുടങ്ങി പല പേരുകളിലാണ് സംഘടനയില്‍ രാജു അറിയപ്പെട്ടിരുന്നത്. കായിക രംഗത്തും അദ്ദേഹം തിളങ്ങിയിരുന്നു. വോളിബോളിൽ ദേശീയ തലത്തിൽ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News