റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകം: ബി.ജെ.പി നേതാവിന്‍റെ മകന്‍റെ റിസോര്‍ട്ട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു

റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവിന്‍റെ മകനെ അറസ്റ്റ് ചെയ്തു

Update: 2022-09-24 07:36 GMT
Advertising

ഹരിദ്വാര്‍: 19കാരിയായ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തിനു പിന്നാലെ റിസോര്‍ട്ട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു. ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്താണ് സംഭവം. റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ഉടമയും മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുല്‍കിത് ആര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് റിസപ്ഷനിസ്റ്റിനെ കാണാതായത്. സംഭവത്തില്‍ പുൽകിത് ആര്യയുടെ പങ്കിനെക്കുറിച്ച് യുവതിയുടെ കുടുംബം തുടക്കത്തില്‍ തന്നെ സംശയമുന്നയിച്ചിരുന്നു. പിന്നാലെ മൃതദേഹം കനാലിൽ നിന്നാണ് ലഭിച്ചത്. നേരത്തെ ഉത്തരാഖണ്ഡില്‍ മന്ത്രിയും നിലവില്‍ മൺപാത്ര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മതി കല ബോര്‍ഡ് ചെയര്‍പേഴ്സണുമായ വിനോദ് ആര്യയുടെ മകന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെയാണ് പുല്‍കിതിനെയും രണ്ട് റിസോര്‍ട്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തത്. റിസപ്ഷനിസ്റ്റിനെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് വാഹനം വളഞ്ഞ് പ്രതികളെ കയ്യേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചു.

ജനരോഷം ഉയരുന്നതിനിടെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഉത്തരവ് പ്രകാരം റിസോര്‍ട്ട് ഒറ്റ രാത്രി കൊണ്ടു പൊളിച്ചത്. സംസ്ഥാനത്തെ എല്ലാ റിസോർട്ടുകളിലും അന്വേഷണം നടത്താൻ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയുടെ ആർ.എസ്.എസ്- ബി.ജെ.പി ബന്ധം കാരണം പൊലീസ് മന്ദഗതിയിലാണ് അന്വേഷണം നടത്തുന്നതെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു- "ഇത് ഭയാനകമാണ്. സെപ്തംബർ 18ന് പെൺകുട്ടിയെ കാണാതായിട്ട് സെപ്തംബർ 21ന് മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ ഈ ധിക്കാരപരമായ അധികാര ദുർവിനിയോഗം ഏതറ്റം വരെ തുടരും?"- സംസ്ഥാന കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ ദസൗനി ചോദിച്ചു.

ആര് ഉൾപ്പെട്ടാലും കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു- "ഇത് വളരെ സങ്കടകരമായ സംഭവമാണ്. അത്യന്തം ഹീനമായ കുറ്റകൃത്യമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൊലീസ് പൂര്‍ത്തിയാക്കി. കടുത്ത നടപടി സ്വീകരിക്കും. കുറ്റവാളി ആരായാലും വെറുതെ വിടില്ല".

പുൽകിത് ആര്യയെ കൂടാതെ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. തുടക്കത്തിൽ പ്രതികള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഒടുവില്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News