തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളിയുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവർത്തകനെതിരെ കേസ്

തുരങ്കത്തിൽ കുടുങ്ങിയ മാധ്യമപ്രവർത്തകന്റെ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെത്തുമ്പോൾ അവർക്കൊപ്പം ഇവരുമുണ്ടായിരുന്നു.

Update: 2023-12-02 14:23 GMT
Advertising

റാഞ്ചി: ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളിയുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസ്. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ പ്രാദേശിക മാധ്യമ​പ്രവർത്തകൻ സോനു അൻസാരിക്കെതിരെയാണ് കേസ്. പ്രദേശത്തെ യൂട്യൂബർ ഗുഞ്ചൻ കുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്.

സർക്കാർ ജോലിക്ക് തടസം നിൽക്കുകയും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് ​ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. തുരങ്കത്തിൽ കുടുങ്ങിയ മാധ്യമപ്രവർത്തകന്റെ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെത്തുമ്പോൾ അവർക്കൊപ്പം ഇവരുമുണ്ടായിരുന്നു.

നിജസ്ഥിതി പരിശോധിക്കാതെ വീഡിയോ ചിത്രീകരിച്ചെന്നും തുടർന്ന് തങ്ങളുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഉദ്യോഗസ്ഥർ പരാതിയിൽ ആരോപിക്കുന്നത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ സ്മിത നഗേസിയ, സർക്കിൾ ഓഫീസർ വന്ദന ഭാരതി എന്നിവരാണ് പരാതി നൽകിയത്.

ഉദ്യോഗസ്ഥരുടെ പരാതിയിൽ കരാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും മേ​ലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്നും തോർപ്പ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഓംപ്രകാശ് തിവാരി പറഞ്ഞു. സിആർപിസി വ്യവസ്ഥകൾ അനുസരിച്ച്, ഇരുവർക്കും നോട്ടീസ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റിപ്പോർട്ടുകളിലൂടെ തൊഴിലാളിയുടെ ദുരിതം പുറംലോകത്തെത്തിക്കാനാണ് ശ്രമിച്ചതെന്ന് മാധ്യമപ്രവർത്തകൻ സോനു അൻസാരി പ്രതികരിച്ചു.

നവംബർ 12നാണ് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് തൊഴിലാളികൾ കുടുങ്ങിയത്. നവംബർ 28നാണ് 17 ദിവസം നീണ്ട രക്ഷാദൗത്യത്തിലൂടെ തുരങ്കത്തിൽ നിന്ന് 41 തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.

തൊഴിലാളികളിൽ 15 പേർ ജാർഖണ്ഡ് സ്വദേശികളാണ്. ഒഡീഷ- അഞ്ച്, ഉത്തർപ്രദേശ്- എട്ട്, ബിഹാർ- അഞ്ച്, പശ്ചിമബംഗാൾ- മൂന്ന്, ഉത്തരാഖണ്ഡ്, അസം- രണ്ടു വീതം, ഹിമാചൽപ്രദേശ്- ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News