2,929 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് കേസ്

Update: 2025-08-24 07:14 GMT
Editor : നബിൽ ഐ.വി | By : Web Desk

മുംബൈ: റിലയന്‍സ് (എഡിഎ) ഗ്രൂപ്പ് ചെയര്‍മാനും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രൊമോട്ടറുമായ അനില്‍ അംബാനിയുടെ വീട്ടില്‍ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ്. 2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്‍ അംബാനിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.

ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വഞ്ചനാക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ അംബാനിക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

Advertising
Advertising

ജൂണ്‍ 13ന് അനില്‍ അംബാനിയെയും റിലയന്‍സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്‍ 21 ദിവസത്തിനകം ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഐയെയോ പൊലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം. ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡൽഹിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്‍ അനില്‍ അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ഇന്നലെ സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് ഉദ്യോഹസ്ഥ വൃത്തങ്ങൾ അറിയിച്ചു.

മുമ്പ് യെസ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. 2017നും 2019നും ഇടയിൽ യെസ് ബാങ്കിൽ നടന്ന 3000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News