''പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു, ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്''

പിന്നീടാണ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ തിരിച്ചറിഞ്ഞതെന്നും മുരളി പറഞ്ഞു

Update: 2022-09-07 09:22 GMT
Editor : Jaisy Thomas | By : Web Desk

അപകടത്തില്‍ പെട്ടു തകര്‍ന്നുവീണ ഹെലികോപ്ടറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ മുതിര്‍ന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍. ബിപിന്‍ റാവത്ത് തന്‍റെ പേരു പറഞ്ഞതായും ഹിന്ദിയില്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചതായും എന്‍.സി മുരളി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പിന്നീടാണ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ തിരിച്ചറിഞ്ഞതെന്നും മുരളി പറഞ്ഞു. അപകടസ്ഥലത്ത് ആദ്യമെത്തിയ സംഘത്തില്‍ പെട്ടയാളാണ് മുരളി. ''രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തായിരുന്നു ഒരാള്‍. ഞങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു'' മുരളി പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ റാവത്തിനെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞാണ് ആംബുലന്‍സില്‍ കയറ്റിയത്.

Advertising
Advertising



''വളരെയധികം കഠിനമായിരുന്നു രക്ഷാപ്രവര്‍ത്തനം. തീ അണയ്ക്കാൻ ഫയർ സർവീസ് എഞ്ചിൻ കൊണ്ടുപോകാൻ റോഡില്ലായിരുന്നു. തീ അണയ്ക്കാന്‍ സമീപത്തെ പുഴയിൽ നിന്നും വീടുകളിൽ നിന്നും പാത്രങ്ങളിൽ വെള്ളമെടുക്കേണ്ടി വന്നു. ആളുകളെ രക്ഷിക്കാനും മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ബുദ്ധിമുട്ടേണ്ടി വന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയുധങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വമാണ് ഓപ്പറേഷന്‍ നടത്തിയത്'' മുരളി പറഞ്ഞു.

ബുധനാഴ്ച ഉച്ചക്ക് ഊട്ടിക്ക് സമീപം കുനൂരിലാണ് ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് .ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി അപകട സ്ഥലത്തു നിന്നും 100 മീറ്റര്‍ അകലെയുള്ള കട്ടേരി ഗ്രാമത്തിലെ തൊഴിലാളി സ്ത്രീ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കോപ്ടര്‍ വലിയൊരു ശബ്ദത്തോടെ തകര്‍ന്നു വീഴുന്നതും കേട്ടു. അപകടം നടന്ന ഉടനെ ഗ്രാമവാസികള്‍ ജില്ലാ അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് എത്താന്‍ ഗ്രാമവാസികള്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞുവെന്ന് സ്ത്രീ പറഞ്ഞു.

"എന്‍റെ വീടിന് 200 മീറ്റർ ഉയരത്തിൽ അത് പറക്കുന്നത് ഞാൻ കണ്ടു. രാവിലെ കടുത്ത മൂടൽ മഞ്ഞായിരുന്നു. പൊടുന്നനെ അത് മരത്തിലിടിച്ച് തകര്‍ന്നു വീണു. തീപ്പിടിത്തം ഭയന്ന് സമീപവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി'' ദൃക്സാക്ഷിയായ പ്രകാശ് പറഞ്ഞു. ഭൂരിഭാഗം മൃതദേഹങ്ങളും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് സ്ഥലം സന്ദർശിച്ച ആരോഗ്യ ജോയിന്‍റ് ഡയറക്ടർ (നീലഗിരി) ഡോ.എസ്.പളനിസാമി പറഞ്ഞു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News