വഖഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബിജെപി നേതാക്കൾ പ്രചരിപ്പിച്ച സെക്ഷൻ 2എയെ പിന്തുണക്കാതെ കേന്ദ്രസർക്കാർ
''സുപ്രിംകോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന നിയമം റദ്ദാക്കാൻ പാർലമെന്റിന് അധികാരം ഇല്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമ നിര്‍മ്മാണത്തിന് മാത്രമാണ് പാർലമെന്റിന് അധികാരം''
ന്യൂഡല്‍ഹി: വിവാദ വഖഫ് ഭേദഗതി നിയമത്തിലെ 'സെക്ഷന്‍ 2 എ' വകുപ്പിന്റെ ഭരണഘടന സാധുതയെ പിന്തുണക്കാതെ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.
മുനമ്പത്തിന് ഗുണകരമാകുമെന്ന് ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷനാണ് കേന്ദ്രസര്‍ക്കാര്‍ കൈവിട്ടത്. മുനമ്പം ഭൂമി വഖഫ് നിയമത്തില്‍ നിന്നും ഒഴിവാക്കാന്‍ സമരക്കാരും ക്രിസ്ത്യന്‍ ബിഷപ്പുമാരും ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു 2എ വകുപ്പ് കൊണ്ടുവന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വകുപ്പ് നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടതോടെയാണ് തുഷാര്‍മേത്ത കൈയ്യൊഴിഞ്ഞത്.
വ്യവസ്ഥ കണ്ട് അതൊന്ന് വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അപകടം മണത്തറിഞ്ഞ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും ചീഫ് ജസ്റ്റിസ് വിട്ടില്ല. പിന്നാലെ അദ്ദേഹത്തിനത് വായിക്കേണ്ടി വന്നു.
''ഏതെങ്കിലും ട്രസ്റ്റ് സ്വത്തുക്കള്‍ വഖഫായി പ്രഖ്യാപിച്ച കോടതി വിധികളും ഉത്തരവുകളും, പുതിയ വഖഫ് ഭേദഗതി നിയമം നിലവില്‍ വരുന്നതോടെ നിലനില്‍ക്കില്ല എന്ന വ്യവസ്ഥ മേത്ത വായിച്ചപ്പോള്‍ കോടതിവിധികള്‍ ബാധകമല്ലെന്ന് എഴുതിവെച്ചത് എങ്ങനെയെന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സുപ്രിംകോടതിയോ ഹൈകോടതിയോ പുറപ്പടുവിക്കുന്ന നിയമം റദ്ദാക്കാൻ പാർലമെന്റിന് അധികാരം ഇല്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമ നിര്‍മ്മാണത്തിന് മാത്രമാണ് പാർലമെന്റിന് അധികാരം. വകുപ്പിലെ നിർദേശം അധികാര വിഭജനത്തിന്റെ ലംഘനം ആണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ഇതോടെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ വാചകങ്ങള്‍ എങ്ങനെയാണ് നിയമ ഭേദഗതിയുടെ ഭാഗമായതെന്ന് അറിയില്ലെന്ന് പറഞ്ഞത്.