പുതിയ സൈനിക സ്‌കൂളുകളിൽ 62 ശതമാനവും സംഘ്പരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം - റിപ്പോർട്ട്

40 സ്‌കൂളുകളിൽ 11 എണ്ണവും ബി.ജെ.പി നേതാക്കളുടെയും അനുഭാവികളുടെയും നേരിട്ടുള്ള ഉടമസ്ഥതയിലാണ്

Update: 2024-04-03 11:15 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി 'ദ റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ' റിപ്പോർട്ട്. 40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും ആർഎസ്എസ് ബന്ധമുള്ള സ്‌കൂളുകൾക്കാണെന്ന് നൽകിയതെന്നും കലക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആർ.എസ്.എസിന്റെ അനുബന്ധ സംഘടനകൾ, ബി.ജെ.പി നേതാക്കൾ, ബി.ജെ.പിയുടെ രാഷ്ട്രീയ കക്ഷികൾ, തീവ്ര ഹിന്ദുത്വ സംഘടനകൾ, ഹിന്ദു മത സംഘടനകൾ എന്നിവരും ഇതിൽ ഉൾപ്പെടും.

2021-ലാണ്, ഇന്ത്യയിൽ സൈനിക സ്‌കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അന്നത്തെ ബജറ്റിൽ പൊതു-സ്വകാര്യ മേഖലയിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂൾ സൊസൈറ്റിൽ അഫിലിയേറ്റ് ചെയ്യാനുള്ള തുകയും വകയിരുത്തിയിരുന്നു.

വിവരാവകാശ രേഖകൾ പ്രകാരം, 2022 മെയ് അഞ്ചിനും 2023 ഡിസംബർ 27 നും ഇടയിൽ കുറഞ്ഞത് 40 സ്‌കൂളുകളെങ്കിലും സൈനിക സ്‌കൂൾ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. 40 സ്‌കൂളുകളിൽ 11 എണ്ണം ബി.ജെ.പി നേതാക്കളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ അവർ അധ്യക്ഷനായ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലോ ആണ് പ്രവർത്തിക്കുന്നത്. എട്ട് സ്‌കൂളുകൾ ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും നേരിട്ട് കൈകാര്യം ചെയ്യുന്നവയാണ്. ആറ് സ്‌കൂളുകൾക്ക് ഹിന്ദുത്വ സംഘടനകൾ, തീവ്ര വലതുപക്ഷ, ഹിന്ദു മത സംഘടനകളുമായോ അടുത്ത ബന്ധമുണ്ട്. 

ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള പുതിയ സൈനിക സ്‌കൂളുകളിൽ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ളവയാണ്. ബി.ജെ.പിയുമായി അടുപ്പമുള്ള അദാനി ഗ്രൂപ്പിന് കീഴിലുള്ള ഫൗണ്ടേഷൻ നടത്തുന്ന സ്‌കൂളിനും അഫിലിയേഷൻ നൽകിയിട്ടുണ്ട്. ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി, ആർഎസ്എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതി എന്നിവയെല്ലാം ഇത്തരം സ്‌കൂളുകൾ നടത്തുന്നവരാണ്.

കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ നയം വരുന്നതുവരെ, 16,000 കേഡറ്റുകളുള്ള 33 സൈനിക് സ്‌കൂളുകളാണ് രാജ്യത്തുണ്ടായിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സൈനിക് സ്‌കൂൾ സൊസൈറ്റിയുടെ കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. പ്രതിരോധ സ്ഥാപനങ്ങളിലേക്ക് കേഡറ്റുകളെ സംഭാവന ചെയ്യുന്നതില്‍  സൈനിക സ്‌കൂളുകളുടെ പങ്ക് പലപ്പോഴും പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

സൈനിക സ്‌കൂളുകളുടെ നിലവിലുള്ള മാതൃകക്ക് അടിസ്ഥാനപരമായ മാറ്റം വരുത്തിക്കൊണ്ടാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലയിലുള്ള 100 സ്‌കൂളുകളെ സൈനിക സ്‌കൂൾ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

പുതിയ പോളിസി പ്രകാരം സൈനിക സ്‌കൂളായി അംഗീകരിക്കപ്പെടാൻ അടിസ്ഥാന സൗകര്യങ്ങൾ,സാമ്പത്തിക സ്രോതസ്സുകൾ,ആവശ്യത്തിന് ജീവനക്കാർ തുടങ്ങിയവ മതി. ഈ മാനദണ്ഡങ്ങൾ സംഘ്പരിവാറുമായും അവരുമായി ബന്ധമുള്ള സ്‌കൂളുകൾക്കും കാര്യങ്ങൾ എളുപ്പമാക്കിയെന്നും കലക്ടീവിന്റെ റിപ്പോർട്ടിൽ പറയുന്നു.

പൊതു-സ്വകാര്യ പങ്കാളിത്ത മോഡൽ നല്ല ആശയമാണെങ്കിലും കരാറുകൾ ഏത് തരത്തിലുള്ള ഓർഗനൈസേഷനുകൾ നേടുമെന്നത് ആശങ്കപ്പെടുത്തുന്നതെന്നാണ് സൈനിക മേഖലയിലുള്ളവർ തന്നെ പറയുന്നത്. സ്‌കൂളുകളുടെ ഉടമസ്ഥാവകാശം ബി.ജെപി.യുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെ കൈകളിലാണെങ്കിൽ, ആ പക്ഷപാതം വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെ ബാധിക്കുമെന്നും വിമർശനം ഉയരുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News