'ചണ്ഡീഗഡിനെ പഞ്ചാബിനോട് ചേർക്കണം'; പഞ്ചാബ് നിയമസഭയിൽ പ്രമേയം

മുഖ്യമന്ത്രി ഭഗവന്ത് മാനാണ് പ്രമേയം അവതരിപ്പിച്ചത്

Update: 2022-04-01 09:23 GMT
Advertising

ചണ്ഡീഗഡ്: കേന്ദ്രഭരണ പ്രദേശവും ആസൂത്രിത നഗരവുമായ ചണ്ഡീഗഡിനെ പഞ്ചാബിനോട് ചേർക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ നഗരത്തെ സംസ്ഥാനത്തോട് ചേർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മാനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങളെ മാനിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചണ്ഡീഗഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) മികച്ച വിജയം നേടിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ നഗരത്തിലെ 35 വാർഡുകളിൽ 14 ഇടത്തും ജയിച്ചാണ് എഎപി വരവറിയിച്ചത്. പാർട്ടിയുടെ കന്നിയങ്കമായിരുന്നു ഇത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ബിജെപി 12 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ തവണ ശിരോമണി അകാലിദളിന്റെ പിന്തുണയോടെ മത്സരിച്ച പാർട്ടി ആകെ 26 സീറ്റിൽ 20 ഉം സ്വന്തമാക്കിയിരുന്നു. മണ്ഡല പുനർനിർണയത്തെ തുടർന്നാണ് സീറ്റുകൾ 26ൽ നിന്ന് 35 ആയി വർധിച്ചത്. കോൺഗ്രസ് എട്ടിടത്തും അകാലിദൾ ഒരു സീറ്റിലും വിജയിച്ചു. 2016ൽ കോൺഗ്രസിന് നാലും അകാലിദളിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.

നഗരത്തിലെ പല ബിജെപി പ്രമുഖരും എഎപി സ്ഥാനാർത്ഥികൾക്കു മുമ്പിൽ അടി തെറ്റിയിരുന്നു. 17-ാം വാർഡിൽ സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ എഎപിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്. മുൻ മേയർമാരും സിറ്റിങ് കൗൺസിലർമാരും തോൽവി രുചിച്ചു. ഏഴു വാർഡുകളിൽ ഭൂരിപക്ഷം ഇരുനൂറിൽ താഴെയാണ്. രണ്ട് വാർഡുകളിൽ ബിജെപി ഒമ്പത്, 90 വീതം വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. മൂന്നെണ്ണത്തിൽ നൂറിൽ താഴെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു. ആം ആദ്മി പാർട്ടിക്ക് 40 ശതമാനം വോട്ടു ലഭിച്ചു. ബിജെപിക്ക് 34 ശതമാനവും കോൺഗ്രസിന് 23 ശതമാനവും. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 77 ശതമാനം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. കോൺഗ്രസിന് എട്ടു ശതമാനം വോട്ടുകൂടി. അകാലിദളിന് മൂന്നു ശതമാനം കുറയുകയും ചെയ്തു. പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായിരുന്നു. ഏഴ് എസ്.സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ വിജയിക്കാനായത് രണ്ടിടത്തു മാത്രവുമായിരുന്നു.

'Chandigarh should be annexed to Punjab'; Resolution in the Punjab Legislative Assembly

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News