ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടു. അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് കുനോയിൽ തുറന്നുവിട്ടത്.
ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളിൽ പെൺ ചീറ്റകൾക്ക് രണ്ടിനും അഞ്ചിനുമിടയിലും ആൺ ചീറ്റകൾക്ക് നാലിലും ആറിനുമിടയിലാണ് പ്രായം. തെക്കു കിഴക്കൻ നമിബിയയിലെ ഗോബാബിസിനടുത്ത് നിന്നാണ് പെൺ ചീറ്റപ്പുലികളിൽ ഒന്നിനെ കണ്ടെത്തിയത്. പോഷകാഹരക്കുറവുള്ള ഈ ചീറ്റയെ 2020 ൽ ചീറ്റ കൺസർവേഷൻ ഫണ്ടിലേക്ക് മാറ്റിയിരുന്നു. സി.സി.എഫിന്‍റെ തൊട്ടടുത്തുള്ള ഫാമിൽ നിന്നാണ് രണ്ടാമത്തെ ചീറ്റയെ കണ്ടെത്തിയത്. 2020 ഏപ്രിലിൽ എറിണ്ടി പ്രൈവറ്റ് ഗെയിം റിസർവിലാണ് മൂന്നാമത്തെ പെൺ ചീറ്റ ജനിച്ചത്. നാലാമത്തേതിനെ 2017 ൽ പോഷകാഹരക്കുറവുള്ള നിലയിൽ ഫാമിൽ നിന്നും കണ്ടെത്തിയതാണ്. അഞ്ചാമത്തെ ചീറ്റയെ 2019 ലാണ് കണ്ടെത്തിയത്.
ചീറ്റകളുടെ ശരീരഘടന ആൺ ചീറ്റകൾക്ക് 66 മുതൽ 79 ഇഞ്ച് വരെയാണ് വലുപ്പം. പെൺചീറ്റകൾക്ക് 64 മുതൽ 84 വരെയുമാണ് വലുപ്പമുണ്ടാവുക.പെൺ ചീറ്റകളെക്കാൾ ആൺ ചീറ്റകളുടെ തലക്ക് വലിപ്പം കൂടിയതുകൊണ്ടാണ് ഈ വ്യത്യാസം.കടുത്ത മഞ്ഞ നിറത്തിലും സ്വർണ്ണ നിറത്തിലുമാണ് ചീറ്റകളെ കാണാറുള്ളത്. മറ്റ് ജീവികളെ അപേക്ഷിച്ച് ഇവയുടെ രോമങ്ങൾക്ക് കട്ടി കൂടുതലാണ്.മുഖത്തെ പാടുകൾ തെളിഞ്ഞും വയറ് ഭാഗത്തെ പാടുകൾ നേർത്ത രീതിയിലുമാണുള്ളത്. എന്നാലും മറ്റ് ജീവികളെക്കാൾ വ്യക്തമായ പാടുകളാണ് ഇവക്കുള്ളത്. ഏഷ്യന്‍ ചീറ്റയെപ്പോലെ വാലിന് പിന്നിൽ രോമങ്ങളും കറുപ്പും വെളുപ്പും നിറത്തിലുള്ള അറ്റങ്ങളും ഉള്ളതായാണ് അറിയപ്പെടുന്നത്. എന്നാൽ ചിലപ്പോൾ കറുത്ത നിറത്തിലുള്ള അറ്റം മാത്രമേ കാണാറുള്ളൂ.
ആവാസവ്യവസ്ഥയും സ്വഭാവ ഘടനയും
ആൺ ചീറ്റകൾ മറ്റ് ചീറ്റകളോടൊപ്പം ഇടപഴകുന്നവരാണ്. മരത്തിന് ചുറ്റും മൂത്രമൊഴിച്ചാണ് ഇവർ അതിർത്തി അടയാളപ്പെടുത്തുന്നത്.എന്നാൽ പെൺ ചീറ്റകൾ നേർ വിപരീതമാണ്.മറ്റുള്ളവയോട് ഇടപഴകുകയോ അതിർത്തി അടയാളപ്പെടുത്തുകയോ ചെയ്യില്ല.പെൺ ചീറ്റകൾ അധികവും ഒറ്റക്കാണ്.എന്നിരുന്നാലും ഇവര്‍ അമ്മച്ചീറ്റ, മറ്റു പെണ്‍ചീറ്റകള്‍ എന്നിവയെ കൂടെക്കൂട്ടാറുണ്ട്. ഇരയെ ആശ്രയിച്ചാണ് ഇവരുടെ പരിധികൾ നിർണയിക്കുന്നത് .തെക്കൻ ആഫ്രിക്കയിൽ 13 സ്ക്വയർ കിലോമീറ്ററാണ് പരിധി. എന്നാൽ നമീബിയയുടെ ചില ഭാഗങ്ങളിൽ 580 സ്ക്വയർ കിലോമീറ്റർ വരെ ഉണ്ടാകും.13 മുതൽ 16 മാസം പ്രായം എത്തുമ്പോൾ ഇവക്ക് പുനരുൽപാദനത്തിന് സാധിക്കും. 90 മുതൽ 95 ദിവസം വരെയാണ് ഇവരുടെ ഗർഭകാലം.പെൺ ചീറ്റകൾ ഒറ്റക്കാണ് വേട്ട നടത്താറുളളത്. കുഞ്ഞുങ്ങൾക്ക് 18 മാസം പ്രായമെത്തിയാൽ അമ്മ ഇവരെ ഉപേക്ഷിക്കും.പിന്നീട് കുഞ്ഞുങ്ങൾ കുറച്ച് മാസം കൂട്ടമായി നിൽക്കും.
ഭക്ഷണക്രമവും വേട്ടയാടലും
മാംസഭോജിയായ ചീറ്റകൾ ഇടത്തരം വലിപ്പമുള്ളവയെയാണ് വേട്ടയാടുന്നത്.വേഗതയേറിയ മൃഗങ്ങളെയും ഇവർ വേട്ടയാടും.പോരാടിനിൽക്കാനും പോരാടി ഇരപിടിക്കാനുമുള്ള കഴിവ് ചീറ്റപ്പുലികൾക്ക് കുറവാണ്. ഒരു ഇരയെ കുറച്ചുദൂരമോടിച്ചിട്ടു കിട്ടിയില്ലങ്കിൽ ചീറ്റപ്പുലികൾ ആ ഇരയെ ഉപേക്ഷിക്കുകയും മറ്റൊന്നിനെ തിരയുകയും ചെയ്യുന്നു.
ശത്രുക്കൾ
മറ്റ് മൃഗങ്ങളെപ്പോലെ ഇവരുടെയും ശത്രുക്കൾ വേട്ടക്കാരാണ്. സിംഹങ്ങളും, കഴുതപ്പുലികളും ചീറ്റപ്പുലികൾക്ക് എതിരാളികളാണ്. കുട്ടിചീറ്റപ്പുലികളെ സിംഹങ്ങളും കഴുതപ്പുലികളും ആക്രമിക്കുന്നതുകൊണ്ടുമാത്രമല്ല, ചീറ്റപ്പുലികൾ വേട്ടയാടിപ്പിടിക്കുന്ന ഇരയേയും ഇവ തട്ടിയെടുക്കും. അതുകൊണ്ടുതന്നെ പിടിക്കുന്ന ഭക്ഷണം ചീറ്റപ്പുലികൾ പെട്ടെന്നു ഭക്ഷിക്കുന്നു. ചീറ്റകൾ കൂട്ടം കൂടിയാൽ വേട്ടക്കാരെ തുരത്താനും ഒരു ചീറ്റക്ക് ഒറ്റക്ക് കുറുക്കന്മാരെയും കാട്ടുനായ്ക്കളെയും ഓടിക്കാനും സാധിക്കും.
75 വർഷത്തിന് ശേഷമാണ് ഇന്ത്യ ചീറ്റപ്പുലികളുടെ ആവാസ കേന്ദ്രമാകുന്നത്.1947 ലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റയും ചത്തത്. 1952 ൽ ഇവക്ക് വംശനാശം സംഭവിച്ചതായി പ്രഖാപിക്കപ്പെടുകയാണുണ്ടായത്.