'വയസ് 11, രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ ജോലി, കൂലി 100 രൂപ'; നോവായി ബിഹാറിലെ കുരുന്ന് ജീവിതങ്ങള്‍
ഒന്നാംക്ലാസുവരെയാണ് പഠിച്ചതെന്നും എന്നാൽ തുടർന്ന് പഠിക്കാൻ താൽപര്യമുണ്ടെന്നും വലുതായാല്‍ ഡോക്ടറാകണമെന്നും ഹോട്ടലില്‍ പണിയെടുക്കുന്ന ബാലന്‍ പറയുന്നു
Photo| MediaOne
പട്ന :14 വയസുവരെ നിർബന്ധിതവും സാർവത്രികവുമായ വിദ്യാഭ്യാസം നിയമം മൂലം ഉറപ്പ് നൽകുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ വിദ്യാഭ്യാസമുപേക്ഷിച്ച് തൊഴിലിടങ്ങളിൽ എത്തുന്ന കോടിക്കണക്കിന് കുട്ടികളാണ് രാജ്യത്തുള്ളത്. കുട്ടിയെ തൊഴിലാളിയാക്കുമ്പോൾ അവരുടെ ബാല്യം മാത്രമല്ല ഭാവിജീവിതം കൂടിയാണ് പ്രതിസന്ധിയിലാഴ്ത്തുന്നത്.
പാഠപുസ്തകവും പെൻസിലും പിടിക്കേണ്ട കുഞ്ഞിക്കൈകളിൽ വലിയ ചട്ടുകവും കത്തിയുമൊക്കെ പിടിച്ച് ജോലി ചെയ്യുകയാണ് ബിഹാറിലെ അരാരയിലെ 11 വയസുകാരൻ. കുടുംബം പുലർത്തുന്നതിന്റെ ഭാഗമായി രാവിലെ ആറുമണി മുതൽ രാത്രി ഒമ്പതുമണിവരെ ഹോട്ടലില്‍ പണിയെടുക്കുന്നുണ്ടെന്ന് 11 വയസുകാരൻ മീഡിയവണിനോട് പറഞ്ഞു.
കൂലിയായി കിട്ടുന്നതോ വെറും 100 രൂപമാത്രം. ജീവിത സാഹചര്യമാണ് ഈ കുരുന്നിനെ ഹോട്ടൽ ജോലിയിലേയക്ക് തള്ളിവിട്ടത്. ഒന്നാംക്ലാസുവരെയാണ് പഠിച്ചതെന്നും എന്നാൽ തുടർന്ന് പഠിക്കാൻ താൽപര്യമുണ്ടെന്നും വലുതായാല്‍ ഡോക്ടറാകണമെന്നുമാണ് ഈ കുരുന്നിന്‍റെ ആഗ്രഹം.എന്നാല്‍ അതിന് സാഹചര്യമില്ലെന്നും ഈ കുട്ടി പറയുന്നു. മറ്റുകുട്ടികളെ പോലെ പഠിക്കാനും കളിക്കാനും ഈ കുട്ടിയ്ക്കും കൊതിയുണ്ട്. അവസരം കിട്ടിയാൽ ഇതിന് തയാറുമാണ്.എന്നാല്‍ ഈ കുട്ടിയെപ്പോലെ ആയിരക്കണക്കിന് കുട്ടികളാണ് ബിഹാറില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നത്.അവരില്‍ റിക്ഷവലിക്കുന്നവരുണ്ട്,കടയില്‍ ജോലി ചെയ്യുന്നവരുമെല്ലാമുണ്ട്..
വിഡിയോ സ്റ്റോറി കാണാം..