'ബി.ജെ.പി നേതാക്കളുടെ മക്കൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിൽ'; കേന്ദ്രത്തിന്റെ ഹിന്ദി പ്രേമത്തിനെതിരെ രാഹുൽ

''ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളുമായി സംവദിക്കണമെങ്കിൽ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിന് ഇംഗ്ലിഷാണ് ആവശ്യം''

Update: 2022-12-19 14:43 GMT
Editor : afsal137 | By : Web Desk
Advertising

രാജസ്ഥാൻ: പാഠ്യ പദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകമെമ്പാടുമുള്ള ജനങ്ങളുമായി സംസാരിക്കണമെങ്കിൽ ഇംഗ്ലീഷ് ഭാഷ അറിയണമെന്നും ഹിന്ദി ഭാഷയ്ക്ക് അതിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപി നേതാക്കൾ സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അവരുടെ എല്ലാ നേതാക്കന്മാരുടെയും കുട്ടികൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പോകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ അൽവാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

''സത്യത്തിൽ, പാവപ്പെട്ട കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കൾ ഇംഗ്ലിഷ് പഠിക്കുന്നതിനോടും വലിയ സ്വപ്നങ്ങളുടെ പിറകേ പോയി വയലുകളിൽനിന്നു രക്ഷപ്പെടുന്നതിനോടും അവർക്ക് എതിർപ്പാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളുമായി സംവദിക്കണമെങ്കിൽ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിന് ഇംഗ്ലിഷാണ് ആവശ്യം. നമ്മുടെ നാട്ടിലെ പാവപ്പെട്ട കർഷരുടെയും തൊഴിലാളികളുടെയും മക്കൾ അമേരിക്കക്കാരുടെ ഭാഷ പഠിച്ച് അവരുമായി മത്സരിച്ചു ജയിക്കുകയാണ് വേണ്ടത്. രാജസ്ഥാനിൽ 1700 ഇംഗ്ലിഷ് മിഡിയം സ്‌കൂളുകൾ തുറന്നതിൽ വലിയ സന്തോഷമുണ്ട്''- രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം തൊഴിലില്ലായ്മ, വിലക്കയറ്റം, സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നത തുടങ്ങിയ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങൾ ഉന്നയിക്കുന്നതാണ് ഭാരത് ജോഡോ യാത്രയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു. ജോഡോ യാത്ര രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ജമ്മു കശ്മീർ ലക്ഷ്യംവെച്ച് മുന്നേറുകയാണ്. 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News